railway

തിരുവനന്തപുരം: റെയിൽവേയിൽ മൂന്നു ലക്ഷം ജീവനക്കാരെ വി.ആർ.എസ് ആനുകൂല്യം നൽകി പിരിച്ചുവിടാനുള്ള നീക്കം സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം ശക്തമായി.

അതേസമയം, പിരിച്ചുവിടുന്നവരിൽ ചില വിഭാഗങ്ങൾക്ക് കരാർ ജീവനക്കാരായി വീണ്ടുമെത്താം. തിരുവനന്തപുരം ഡിവിഷനിൽ ഇങ്ങനെ ലോക്കോ പൈലറ്റുമാർ ഒഴികെ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനിയറിംഗ് വിഭാഗങ്ങളിലെ 763 തസ്തികകിലേക്ക് കരാർ നിയമനം നടത്താനാണ് ഒരുക്കം. കരാർ സർവീസിൽ 62 വയസു വരെ തുടരാം. ഇവർക്ക് അടിസ്ഥാന ശമ്പളത്തിനൊപ്പം പെൻഷനും ലഭിക്കും.

ഏഷ്യയിൽത്തന്നെ ഏറ്റവുമധികം ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ (ലോകത്ത് എട്ടാം സ്ഥാനം) നിലവിൽ 13 ലക്ഷം സ്ഥിരജീവനക്കാരുണ്ട്.

അനാരോഗ്യവും പ്രായക്കൂടുതലുമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് റെയിൽവേ വാദിക്കുന്നുണ്ടെങ്കിലും, സ്വകാര്യവത്കരണത്തെ എതിർക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളെ വെട്ടിനിരത്താനാണ് ഇതെന്ന് സംഘടനകൾക്ക് ആശങ്കയുണ്ട്. വി.ആർ.എസ് പദ്ധതിയെ ഒറ്റക്കെട്ടായി നേരിടാനാണ് സംഘടനകളുടെ തീരുമാനം.