maruti

വിവിധോദ്ദേശ്യ വാഹന ശ്രേണിയിൽ (എം.പി.വി) മാരുതി സുസുക്കി അവതരിപ്പിച്ച വ്യത്യസ്‌തവും ശ്രദ്ധേയവുമായ താരമാണ് എക്‌സ്.എൽ 6. ആറു സീറ്റർ വാഹനമായതുകൊണ്ടും ഉയർന്ന വീൽബെയ്‌ൽ ഉള്ളതിനാലും മാരുതി അറിഞ്ഞുതന്നെ നൽകിയ പേരാണ് എക്‌സ്.എൽ 6. സുസുക്കിക്ക് എക്‌സ്.എൽ 7 എന്ന പേരിൽ മറ്റു വിപണികളിൽ ഒരു മോഡൽ ഉണ്ടായിരുന്നു. ഗ്രാൻഡ് വിറ്റാര എസ്.യു.വിയുടെ വലിയ വേർഷനായിരുന്നു അത്.

എസ്.യു.വി ശൈലിയിലെ രൂപകല്‌പനയും പ്രീമിയം ലുക്കും മികച്ച ഫീച്ചറുകളും ടെക്‌നോളജിയും ഒത്തുചേരുന്ന മോഡലാണ് എക്‌സ്.എൽ 6. വാഹനത്തിന്റെ സൈഡ് പാനലുകൾ എർട്ടിഗയിലേത് പോലെ തന്നെ. മറ്റു ഘടകങ്ങളെല്ലാം പൂർണമായും വ്യത്യസ്‌തമാണ്. കറുപ്പും ക്രോമും ചേരുന്ന ഗ്രിൽ മാരുതിക്ക് പുതുമയാണ്. എൽ.ഇ.ഡി ഹെഡ്‌ലാമ്പിനൊപ്പം എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡി.ആർ.എൽ) കാണാം. വലിയ ബമ്പറുകൾ എക്‌സ്.എൽ 6ന് വലിയ മോഡൽ എന്ന പ്രതീതി ഉറപ്പാക്കുന്നു.

പിന്നിലെ വെർട്ടിക്കൽ എൽ.ഇ.ഡി ലാമ്പുകളും കറുപ്പഴക് തീർക്കുന്ന അലോയ് വീലുകളും മിറർ ഹൗസിംഗും രൂപകല്‌പനയിലെ പുത്തൻ ചേരുവകളാണ്. വലിയ റൂഫ് റെയിലുകൾ സ്‌പോർട്ടീ ലുക്കും സമ്മാനിക്കുന്നു. 180 എം.എം ആണ് ഗ്രൗണ്ട് ക്ളിയറൻസ്. കറുപ്പിനാൽ സമ്പന്നമാണ് അകത്തളം. വിശാലമാണ് കാബിൻ. അതിൽ, മൂന്നു നിരകളിലായി ആറു സീറ്റുകൾ. പ്രീമിയം ലെതറിൽ പൊതിഞ്ഞവയാണ് സീറ്റുകൾ. മൂന്നാംനിരയിലെ യാത്രികർക്കും എളുപ്പത്തിൽ കയറാനാകും വിധമാണ് രൂപകല്‌പന.

17.8 സെന്റീമീറ്റർ സ്‌മാർട്‌പ്ളേ സ്‌റ്റുഡിയോ ടച്ച് സ്‌ക്രീൻ ഡ്രൈവിംഗും യാത്രയും കൂടുതൽ സ്‌മാർട്ടാക്കും. റിയർവ്യൂ കാമറ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇ.ബി.ഡി, ഹൈസ്‌പീഡ് വാണിംഗ് അലർട്ട്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങൾ കാറിനുണ്ട്. ബി.എസ്-6 മലീനീകരണ ചട്ടങ്ങൾ പാലിക്കുന്ന എക്‌സ്.എൽ 6ന് 1.5 ലിറ്റർ പെട്രോൾ എൻജിൻ മോഡലാണുള്ളത്. ലിഥിയം അയൺ ബാറ്ററിയോട് കൂടിയ പ്രോഗ്രസീവ് സ്‌മാർട് ഹൈബ്രിഡ് സംവിധാനവുമുണ്ട്.

ഫൈവ് സ്‌പീഡ് മാനുവൽ, 4-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനങ്ങളുണ്ട്. മാനുവൽ മോഡൽ 19.01 കിലോമീറ്രറും ഓട്ടോമാറ്റിക് വേരിയന്റ് 17.99 കിലോമീറ്രറും മൈലേജ് നൽകും. മാരുതിയുടെ നെക്‌സ ഷോറൂമുകളിലൂടെയാണ് വില്‌പന. 9.79 ലക്ഷം മുതൽ 11.46 ലക്ഷം രൂപവരെയാണ് വില.