ഛണ്ഡീഗഢ്: പാകിസ്ഥാൻ കൂടുതൽ വെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ഫിറോസ്‌പുർ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പാകിസ്ഥാൻ കൂടുതൽ വെള്ളം ഒഴുക്കിവിട്ടതിനെ തുടർന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാൻ കാരണമായത്.
സംഭവ സ്ഥലത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സൈന്യത്തേയും ദേശീയ ദുരന്ത നിവരാണ സേനയേയും അവിടെ വിന്യസിച്ചിട്ടുണ്ട്. സത്‌ലജ് നദിക്കരയിൽ താമസിക്കുന്നവർക്ക് മാറിത്താവസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നതതല യോഗം വിളിച്ചു. ടെണ്ടിവാല ഗ്രാമത്തിലുള്ള തടയണയുടെ കേടുപാടുകൾ മാറ്റി അതിനെ ശക്തിപ്പെടുത്താൻ സൈന്യവുമായി ചേർന്ന് സംയുക്ത കർമ്മ പദ്ധതി ആവിഷ്‌കരിക്കാൻ ജലവിഭവ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നേരത്തെയും സമാനമായി സത്‌ലജ് നദിയിൽ നിന്ന് പാകിസ്ഥാൻ കൂടുതൽ ജലം ഒഴുക്കിവിട്ടിരുന്നു. അന്ന് ഫിറോസ്‌പുറിലെ 17 ഗ്രാമങ്ങൾക്കാണ് വെള്ളപ്പൊക്ക ഭീഷണി നേരിട്ടത്.