കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും അവകാശവാദവുമായി രംഗത്തെത്തി. പാലായിലെ സ്ഥാനാർത്ഥിയെ ജോസ് കെ.മാണി ചെയർമാനായ കമ്മിറ്റി തീരുമാനിക്കുമെന്ന ജോസഫ് എം പുതുശേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി.ജെ.ജോസഫ് രംഗത്തെത്തി.
സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പാർട്ടിതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ ആണ് പരിഗണിക്കുന്നത്. ഇപ്പോൾ ആരുടെയും പേര് പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായിൽ വിജയ സാധ്യതയ്ക്കാണ് മുഖ്യപരിഗണനയെന്നു പി.ജെ. ജോസഫ് പറഞ്ഞു. രണ്ടു-മൂന്നു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പാർട്ടി യോഗം ചേർന്നു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും ഫലം നോക്കി തീരുമാനം എടുക്കണം. ആരുടെയും പേരുകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു.
എന്നാൽ, സീറ്റിനായുള്ള അവകാശവാദവുമായി ജോസ് കെ.മാണി ശക്തമായി രംഗത്തുണ്ടാകുമെന്നാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമെന്നാണ് ജോസ്.കെ.മാണി പറഞ്ഞത്. യുഡിഎഫ് നേതൃയോഗത്തിനു പിന്നാലെ പാർട്ടി നേതൃയോഗം ചേരും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ഇതുവരെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിട്ടില്ല. നാളെ ചേരുന്ന മുന്നണി യോഗത്തിലാണ് അതേ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക എന്നും ജോസ് കെ.മാണി പറഞ്ഞു.