ഇന്ത്യയിലെ പുരുഷൻമാർക്ക് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്ന് ഏറ്റവും പുതിയ സർവേഫലം. ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് അറിയാമെങ്കിലും 94.4 ശതമാനം പുരുഷന്മാർക്കും കോണ്ടം ഉപയോഗിക്കാൻ ഇഷ്ടമല്ലെന്നാണ് സർവേറിപ്പോർട്ടിൽ പറയുന്നത്. സർക്കാരിന്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ'യിലാണ് ഇക്കാര്യങ്ങളുള്ളത്.
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ 97.9 ശതമാനത്തിനും 'കോണ്ടം' ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചറിയാം. എന്നാൽ ഇവരിൽ മഹാഭൂരിപക്ഷവും പുരുഷാധിപത്യവ്യവസ്ഥിതിയിൽ നില്‍ക്കുന്നവരായതിനാൽ അത് അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുകയാണ്. ഇതാണ് കോണ്ടം ഉപയോഗിക്കുന്നതിലും ഇവർ വിമുഖത പ്രകടിപ്പിക്കുന്നതിന് കാരണം. പല തരം ഫ്ളേവറുകളിൽ കോണ്ടം വിപണിയിലെത്തിക്കാൻ വിവിധ ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോകുന്നില്ലെന്നും സർവേ പറയുന്നു.
ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. പ്രത്യുത്പാദനശേഷി മുന്നിട്ടുനിൽക്കുന്ന 49 വയസ് വരെയുള്ള കാലയളവിൽ പെട്ടവരാണ് ഇവരെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തിൽ വരെ ഗണ്യമായ കുറവുണ്ടായതായും സർവേ പ്രതിപാദിക്കുന്നുണ്ട്.