ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എ.എഫ്.സി ബേൺ മൗത്തിനെ 3-1ന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. സിറ്റിക്കുവേണ്ടി സെർജി അഗ്യൂറോ 15-ാം മിനിട്ടിലും 64-ാം മിനിട്ടിലുമായി രണ്ട് ഗോളുകൾ നേടി. 43-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗും സ്കോർ ചെയ്തു. 45-ാം മിനിട്ടിൽ മിർസനാണ് ബേൺമൗത്തിനായി സ്കോർ ചെയ്തത്.
അതേസമയം കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചു. ലിവർപൂൾ 3-1ന് ആഴ്സനലിനെ കീഴടക്കി. ചെൽസി 2-3ന് നോർവിച്ച് സിറ്റിയെ തോൽപ്പിച്ചു.
റയലിന് സമനില
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 1-1റയൽ വല്ലലോയ്ഡുമായി സമനിലയിൽ പിരിഞ്ഞു. 82-ാം മിനിട്ടിൽ കരിം ബെൻസേമയിലൂടെ മുന്നിലെത്തിയ റയലിനെ 88-ാം മിനിട്ടിൽ സെർജി ഗ്വാർഡിയോളയിലൂടെയാണ് വല്ലലോയ്ഡ് തളച്ചത്. സീസണിലെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.