ആലുവ: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസിന് ക്യാമ്പംഗവുമായി ഉണ്ടായ സൗഹൃദം പ്രണയത്തിന് വഴിമാറി. ഒടുവിൽ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രണയസാഫല്യമായി.
പാലക്കാട് സ്വദേശിനി സിവിൽ വുമൺസ് പൊലീസ് ഓഫീസറായ സൂര്യ 2018 പ്രളയകാലത്താണ് ആലുവ അശോകപുരം കാർമൽ സെന്റ് ഫ്രാൻസീസ് ഡി അസീസി സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ ഡ്യൂട്ടിക്കെത്തിയത്. ഇതേ സ്‌കൂളിൽ മാതാപിതാക്കൾക്കൊപ്പം ക്യാമ്പംഗമായിരുന്ന വിനീതുമായാണ് സൗഹൃദത്തിലായത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കാളികളായതോടെ ഇരുവരും കൂടുതൽ അടുത്തു. തൃശൂർ ക്യാമ്പിൽ നിന്നാണ് സൂര്യ ഡ്യൂട്ടിക്കായി എത്തിയത്. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു.
അശോകപുരം പെരിങ്ങഴ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെയായിരുന്നു വിവാഹം. ആലുവയിലെ സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകനാണ് വിനീത്. അൻവർസാദത്ത് എം.എൽ.എ അടക്കമുള്ളവർ വിവാഹചടങ്ങിൽ പങ്കെടുത്തു.