inx-media-case

ന്യൂഡൽഹി: ഐ.എൻ.എക്സ് മീ‌ഡിയ അഴിമതി കേസിൽ സി.ബി.ഐ അറസ്‌‌റ്റ് ചെയ്‌ത മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ പുതിയ തെളിവുകളുമായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി). ചിദംബരത്തിന്റെ വിദേശനിക്ഷേപം അടക്കമുള്ള തെളിവുകളും അദ്ദേഹം തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെ വിവരങ്ങളുമാണ് ഇ.ഡിക്ക് ലഭിച്ചത്. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

ചിദംബരത്തിന് 12 രാജ്യങ്ങളിൽ നിക്ഷേപമോ വസ്തുവകകളോ ഉണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന രഹസ്യാന്വേഷ വിഭാഗത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. 17 രാജ്യങ്ങളിൽ ചിദംബരം ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ക്രയവിക്രയങ്ങൾ നടത്തി. വിദേശരാജ്യങ്ങളിൽ ഷെൽ കമ്പനികൾ രൂപീകരിച്ചാണ് നിക്ഷേപം നടത്തിയത്. എന്നാൽ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ ഈ കമ്പനികളുടെ ഡയറ‌ക്‌ടർമാരെ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ഐ.എൻ.എക്സ് കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും ചിദംബരവും തമ്മിൽ നടത്തിയ ചർച്ചയുടെ ഇടനിലക്കാരിൽ രണ്ട് പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയിൽ തെളിവുകളുണ്ട്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ചിദംബരം ഇതിനോട് സഹകരിച്ചില്ല. അതിനാൽ ചിദംബരത്തെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇ.ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

അതേസമയം,​ സി.ബി.ഐ എടുത്ത അഴിമതിക്കേസിൽ ജാമ്യം തേടിയും നാല് ദിവസം കസ്റ്റഡിയിൽ വിട്ട സി.ബി.ഐ കോടതി ഉത്തരവ് ചോദ്യം ചെയ്തും ചിദംബരം നൽകിയ ഹർജികൾ ഇന്ന് കോടതി പരിഗണിക്കും.