കൊട്ടാരക്കര:മകൻ അടക്കമുള്ള ബന്ധുക്കൾ കെട്ടിയിട്ട് മർദ്ദിച്ച മദ്ധ്യവയസ്‌കനെ അവശനിലയിൽ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര അമ്പലപ്പുറം അരുൺ ഭവനത്തിൽ ബാബുവിനാണ് (47) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.
ദീർഘകാലമായി താനുമായി അകന്നുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി മകളെ കാണണമെന്ന് ആവശ്യപ്പെട്ട ബാബുവിനെ ഇദ്ദേഹത്തിന്റെ മകൻ അരുൺ (20), അരുണിന്റെ കൂട്ടുകാരൻ വിഷ്ണു, ഭാര്യാപിതാവ് പുരുഷോത്തമൻ (70) എന്നിവർ ചേർന്ന് കൈയും കാലും കൂട്ടിക്കെട്ടി ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബാബു പറയുന്നു. ക്രൂര മർദ്ദനമേറ്റ് അവശ നിലയിലായ ബാബുവിനെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന്നു താഴ് ഭാഗത്ത് അടികൊണ്ട പാടും ഉണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ മദ്യപിച്ച് ബഹളം വച്ച ബാബു തങ്ങളുടെ വീട്ടിലെത്തി ബഹളം വച്ചുവെന്നും തുടർന്ന് മറിഞ്ഞ് വീണതിനെ തുടർന്നാണ് പരിക്ക് പറ്റിയതെന്നുമാണ് വീട്ടുകാരുടെ വിശദീകരണം.