പന്ത്രണ്ടു മണി.
നിലമ്പൂർ രജിസ്ട്രാർ ഓഫീസിൽ വച്ച് വടക്കേ കോവിലകവും അനുബന്ധ ഭൂമിയുടെയും കരാർ എഴുതപ്പെട്ട പ്രമാണങ്ങളിൽ ചന്ദ്രകല ഒപ്പുവച്ചു.
ശേഷം ദീർഘമായി ഒന്നു നിശ്വസിച്ചു.
ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന മോഹത്തിന്റെ പകുതി പൂർത്തിയായിരിക്കുന്നു...
ഇനി ആറുമാസത്തിനുള്ളിൽ രജിസ്ട്രേഷൻ.
കോവിലകത്തിന്റെ താക്കോൽക്കൂട്ടം ചന്ദ്രകല, എം.എൽ.എ ശ്രീനിവാസ കിടാവിനു കൈമാറി.
''പണം അടങ്ങിയ പെട്ടി എന്റെ കാറിലുണ്ട്. അത് ഏറ്റുവാങ്ങാം."
കിടാവ് ചന്ദ്രകലയെയും പ്രജീഷിനെയും നോക്കി ശബ്ദം താഴ്‌ത്തി.
''ഞങ്ങൾ വരാം സാർ..."
രജിസ്ട്രാർ ഓഫീസിനു പുറത്ത് ഒരു ഭാഗത്ത് ഒതുക്കിയിട്ടിരുന്ന കിടാവിന്റെ ബൻസ് കാറിനടുത്തേക്ക് മൂവരും നീങ്ങി.
അതിനടുത്തുതന്നെയായിരുന്നു ചന്ദ്രകലയുടെ കാറും ഉണ്ടായിരുന്നത്.
ബാക്ക് ഡോർ തുറന്ന് കിടാവിന്റെ ഡ്രൈവർ ഒരു വലിയ പെട്ടി പുറത്തെടുത്തു.
കിടാവ് അതിന്റെ കീ ചന്ദ്രകലയുടെ കൈവെള്ളയിലേക്കു വച്ചു.
''തുറന്ന് എണ്ണിനോക്ക് കലേ..."
'' അതിന്റെ ആവശ്യമില്ല. സാറിനെ ഞങ്ങൾക്കു വിശ്വാസമാ..." പറഞ്ഞത് പ്രജീഷാണ്.
പത്തുകോടി രൂപ അടങ്ങിയ പെട്ടിയാണു മുന്നിൽ. അതൊന്നു തുറക്കണമെന്നുണ്ടായിരുന്നു പക്ഷേ, പ്രജീഷിന്...
പത്തുകോടി രൂപ ഒന്നിച്ചുകാണുവാൻ. എന്നാൽ ഇവിടെ വച്ച് തുറന്നാൽ ഉണ്ടായേക്കാവുന്ന അനൗചിത്യം അവളുടെ മനസ്സിനെ പിന്നോട്ടു വലിക്കുകയായിരുന്നു...
ഇത്രയും രൂപ തങ്ങളുടെ കൈവശമുണ്ടെന്ന് ആരെങ്കിലും കാണാനിടയായാൽ...
''പ്രജീഷ് പെട്ടിയെടുത്ത് നമ്മുടെ കാറിൽ വയ്ക്ക്."
ചന്ദ്രകല പറഞ്ഞു.
ആ സംസാരം അയാൾക്ക് അരോചകമായി തോന്നി.
ഒരു ജോലിക്കാരനോട് സംസാരിക്കുന്നതു പോലെ...!
എങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല.
പെട്ടി താങ്ങിയെടുത്ത് തങ്ങളുടെ കാറിന്റെ പിൻസീറ്റിൽ വച്ചു.
''അപ്പോൾ വിളിക്കാം."
ചന്ദ്രകല, കിടാവിനു കൈ കൊടുത്തു.
''നിങ്ങൾ എവിടേക്കാണു പോകുന്നത്?" കിടാവു തിരക്കി. ''കുറേക്കാലം കൂടി വേണമെങ്കിൽ കോവിലകത്ത് താമസിക്കാമല്ലോ.."'
''അത് വേണ്ട സാർ... അഡ്വാൻസ് വാങ്ങിക്കഴിഞ്ഞിട്ടു പിന്നെയും അവിടെ താമസിക്കുന്നത് ഔചിത്യമല്ലെന്ന് എനിക്കു തോന്നി."
അവൾ കള്ളം പറഞ്ഞു.:
''തൽക്കാലം ഞങ്ങൾ പ്രജീഷിന്റെ വീട്ടിലേക്കാണു പോകുന്നത്. തിരൂരിൽ..."
''എങ്കിൽ ശരി." കിടാവ് പ്രജീഷ് കേൾക്കാതെ അറിയിച്ചു. ''ഇടയ്ക്ക് എന്നെ കാണാൻ തോന്നണേ.."ആ വാചകത്തിന്റെ അർത്ഥം മനസ്സിലാക്കി ചന്ദ്രകല ഊറിച്ചിരിച്ചുകൊണ്ടു തലയാട്ടി.
പ്രജീഷും വന്ന് ശ്രീനിവാസ കിടാവിന്റെ കരം കവർന്നു.
''പോട്ടെ സാറേ......."
''ശരി..."
പ്രജീഷും ചന്ദ്രകലയും കാറിൽ കയറി. ഡ്രൈവർ സീറ്റിൽ പ്രജീഷ് ആയിരുന്നു.
കിടാവ് കൈ ഉയർത്തി വീശിയിട്ട് തന്റെ ബെൻസിൽ കയറി.
ഒഴുകും പോലെ കാർ രജിസ്ട്രാർ ഓഫീസിന്റെ മുന്നിൽ നിന്നു പോയി.
തങ്ങളുടെ കാർ സ്റ്റാർട്ടു ചെയ്ത് ഗിയർ ചെയ്‌ഞ്ചുചെയ്ത പ്രജീഷ് പെട്ടെന്ന് തല പുറത്തേക്കു നീട്ടി പിന്നിലേക്കു നോക്കി.
പിന്നൽ വലതു ഭാഗത്തെ ടയർ പഞ്ചർ!
ചന്ദ്രകലയുടെ നെറ്റി ചുളിഞ്ഞു.
''എന്താ പ്രജീഷേ?"
നാശം. ടയർ പഞ്ചറായി."
''ങ്‌ഹെ?"
ഇരുവരും ഇറങ്ങി.
ഡിക്കിയിൽ ഉണ്ടായിരുന്ന തങ്ങളുടെ ബാഗുകൾ മുഴുവൻ പുറത്തിറക്കിയിട്ട് ജാക്കിയും സ്റ്റെപ്പിനിയും എടുത്തു.
ആകെ ഒരു അപശകുനം തോന്നി ചന്ദ്രകലയ്ക്ക്.
''വർക്ക് ഷോപ്പിൽ നിന്ന് ആരെയെങ്കിലും വിളിക്കണോ പ്രജീഷ്?"
ചന്ദ്രകലയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല അയാൾ. അപ്രതീക്ഷിതമായ ഉണ്ടായ തടസ്സത്തിന്റെ നീരസം ഉള്ളിലൊതുക്കി.
പതിനഞ്ചു മിനുട്ടുകൊണ്ട് അയാൾ ടയർ മാറി.
അപ്പോഴേക്കും വിയർപ്പിൽ കുളിച്ചുകഴിഞ്ഞിരുന്നു പ്രജീഷ്.
''പോകുന്ന വഴിക്ക് ഈ ടയർ പഞ്ചറൊട്ടിക്കാം. ഏതായാലും ഇനി അധികനേരം ഇവിടെ കിടക്കണ്ടാ." പ്രജീഷ് ധൃതികൂട്ടി.
വീണ്ടും ഇരുവരും കാറിൽ കയറി. നേരേ ഗൂഡല്ലൂർ റൂട്ടിലേക്ക് കാർ തിരിഞ്ഞു.
ചുങ്കത്തറ എത്തിയപ്പോൾ ചന്ദ്രകല തിരക്കി:
''നമുക്ക് ഭക്ഷണം കഴിക്കണ്ടേ?"
''വഴിക്കടവിൽ ചെന്നിട്ടാകാം."
പ്രജീഷിന്റെ കാൽ ആക്സിലറേറ്ററിൽ ആഞ്ഞമർന്നു.
കുലുങ്ങിയും പുക പുറത്തേക്കു തള്ളിയും ആ പഴയ കാർ പരമാവധി വേഗതയിൽ ഓടിക്കൊണ്ടിരുന്നു.
വഴിക്കടവ്!
ഒരു ഹോട്ടലിനു മുന്നിൽ പ്രജീഷ് കാർ നിർത്തി.
ഇരുവരും ഇറങ്ങി.
പ്രജീഷ് ഡോറുകൾ ലോക്കു ചെയ്തു.
കുറച്ചു പിന്നാലെ ബൈക്കിൽ വന്ന ഹെൽമറ്റ് ധാരി കാർ കാണുന്ന അകലത്തിൽ പെട്ടെന്നു നിർത്തി. ശേഷം തൊട്ടടുത്ത കടയിൽ കയറി ലമൺ ജ്യൂസ് കഴിക്കുന്ന ഭാവത്തിൽ നിന്നു...
അരമണിക്കൂർ കൊണ്ട് ഭക്ഷണം കഴിച്ച് പ്രജീഷും ചന്ദ്രകലയും കാറിൽ കയറി.
വീണ്ടും യാത്ര...
പെട്ടെന്ന് ഹെൽമറ്റ് ധാരിയുടെ ബൈക്ക് അവരെ കടന്നു മുന്നിൽ പോയി...
കാർ 'നാടുകാണി" ചുരത്തിലേക്കു പ്രവേശിക്കുകയായി...
(തുടരും)