sanjay-dutt

മുംബയ്: നടൻ സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആർ.എസ്.പി) എന്ന പാർട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആർ.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം അറിയിച്ചത്.

പത്ത് വർഷം മുമ്പ് സമാജ്‍വാദി പാർട്ടിയിൽ അംഗത്വമെടുത്തിരുന്നെങ്കിലും സഞ്ജയ് ദത്തിന്റെ രാഷ്ട്രീയ ജീവിതം വിജയമായില്ല. തുടർന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ രാഷ്ട്രീയ സമാജ് പക്ഷ് ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് ദത്തും മത്സരിച്ചേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ ധൻഗർ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാർട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയിൽ പാർട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. അതേസമയം, സഞ്ജയ് ദത്തിന്റെ കുടുംബത്തിന് കോൺഗ്രസ് പാരമ്പര്യമാണുള്ളത്. മുംബയ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത് ഒന്നാം യു.പി.എ സർക്കാരിൽ യുവജന ക്ഷേമ- കായിക വകുപ്പ് മന്ത്രിയായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്ത് മുംബയിൽ നിന്നുള്ള കോൺഗ്രസ് എം.പിയായിട്ടുമുണ്ട്.