ബിയാറിറ്റ്സ്: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ജമ്മുകാശ്മീരിലെ സാഹചര്യങ്ങൾ കൂടിക്കാഴ്ചയുടെ ഭാഗമായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ ട്രംപ് കാശ്മീർ വിഷയം ഉന്നയിച്ചേക്കുമെന്നാണ് സൂചന. കൂടാതെ അമേരിക്കയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും ചർച്ചയാകും. നേരത്തെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കാശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യർത്ഥിച്ചതായും മദ്ധ്യസ്ഥനാവുന്നതിൽ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ട്രംപിന്റെ നിർദ്ദേശം ഇന്ത്യ തള്ളുകയായിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാദ്ധ്യമാകൂവെന്നും പ്രധാനമന്ത്രി ഒരു സഹായവും ആവശ്യപ്പെട്ടില്ലെന്നും വിദേശകാര്യവക്താവ് അറിയിച്ചിരുന്നു.
അതേസമയം, ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരപ്രതിരോധ നിക്ഷേപ രംഗത്തെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു. ജി-7 അംഗ രാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.