punnala-shreekumaar

തിരുവനന്തപുരം: വിശ്വാസികൾക്കൊപ്പമെന്ന സി.പി.എം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് നവോത്ഥാന സമിതി കൺവീനർ പുന്നല ശ്രീകുമാർ. ഈ നിലപാട് സമിതിയുടെ തുടർപ്രവർത്തനം ആശങ്കയിലാക്കുന്നു എന്നും വിശ്വാസവും നവോത്ഥാനവും ഒരുമിച്ച് പോകാനാകില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിലപാടിൽ വ്യക്തത വരുത്തേണ്ടതാണെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.

പാർട്ടിയുടെ ഈ നിലപാട് സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുകയാണ് പാർട്ടിയെന്നും വിശ്വാസികളെ കൂടെ നിർത്താൻ ഉള്ള സർക്കാരിന്റെ വ്യഗ്രത നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്ലാറ്റ്ഫോമുകൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പുന്നല ശ്രീകുമാറിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്ന് സി.പി.എം പ്രതികരിച്ചു. സർക്കാർ വിശ്വാസികൾക്ക് എതിരല്ലെന്നും വിശ്വാസികളെന്ന പേരിൽ ശബരിമലയിൽ അക്രമം ഉണ്ടാക്കാൻ വരുന്നവർക്കെതിരെ ആണ് പാർട്ടിയെന്നും വിശ്വാസികൾക്ക് സംരക്ഷണം നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പാർട്ടിയുടേയും സർക്കാരിന്റെയും കടമയെന്നും അതിന് വേണ്ടിയാണ് നവോത്ഥാന സമിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.