muralee

തിരുവനന്തപുരം: മോദിയെ സ്‌തുതിച്ചുകൊണ്ട് ജയറാം രമേശ് തുറന്നുവിട്ട ഭൂതം കോൺഗ്രസിൽ കലാപം വിതയ്‌ക്കുന്നു. മോദി സ്‌തുതി നടത്തുന്നവരെ തിരുത്താൻ കഴിയില്ലെന്നും അവർ പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുമുള്ള ഇരുപത് എം.പിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. ശശി തരൂരിന് മാത്രം ഇതിൽ നിന്നും മാറി നിൽക്കാൻ ആകില്ല. ഇനി കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേൾക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തരൂരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ മാത്രം ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ദുരുദ്ദേശപരമാണ്. മറ്റിടങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒപ്പം നടത്തണം.മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇടയ്‌ക്ക് മോദിയെ പുകഴ്‌ത്തിയാലേ പിന്നീട് ആരോപണം ഉന്നയിക്കുമ്പോൾ ആളുകൾ വിശ്വാസിക്കൂ എന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ പുതിയ കണ്ടെത്തൽ. ഇവർക്ക് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് നല്ലത് പറയാൻ ഒരു ബി.ജെ.പിക്കാരനും തയ്യാറായില്ല. ചെയ്‌ത നല്ല കാര്യങ്ങളെയെല്ലാം തകർക്കുന്ന രീതിയിലായിരുന്നു പ്രചാരണം. എല്ലാവരും ബഹുമാനിക്കുന്ന മൻമോഹൻ സിംഗിനെ വ്യക്തിപരമായി ആക്ഷേപിക്കാൻ ബി.ജെ.പി തയ്യാറായി. അതുകൊണ്ടാണ് യു.പി.എ സർക്കാർ തോറ്റത്. മോദി സർക്കാരിന്റെ ഭരണത്തിൽ പാളിച്ചയുണ്ടെന്ന് സഖ്യകക്ഷിയായ ശിവസേന പോലും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ബില്ല് വരുമ്പോൾ ഒരു ചർച്ചയും നടന്നിട്ടില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന രീതിയിലാണ് കാശ്‌മീരിലെ കാര്യങ്ങൾ. ഇത്രയും ഹീനമായിട്ടാണ് മോദി ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിച്ചത്. അദ്ദേഹം എന്ത് നല്ല കാര്യമാണ് ചെയ്‌തത്. കുറച്ച് കക്കൂസ് കെട്ടിയതാണോ നല്ല കാര്യമെന്നും ഇതൊക്കെ ഇന്ത്യയിൽ നടക്കുമ്പോൾ എന്ത് സ്‌തുതിയാണ് മോദിയെക്കുറിച്ച് പാടാനുള്ളതെന്നും മുരളീധരൻ ചോദിക്കുന്നു.

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മോദി വിരുദ്ധ പ്രസ്താവന നടത്തിയാണ് വിജയിച്ചത്. മോദി വിരുദ്ധ രാഷ്ട്രീയ നിലപാടാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്,​ യു.ഡി.എഫ് ഭരിച്ച ആലപ്പുഴയിൽ പോലും. കേരളത്തിൽ ഇരുപതിൽ പന്ത്രണ്ട് സീറ്റിലും ബി.ജെ.പിക്ക് കെട്ടിവച്ച കാശ് പോലും പോയി. ഇതൊക്കെ മോദി സ്‌തുതിയ പാടിയത് കൊണ്ട് കിട്ടിയതല്ല. മോദി ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ എതിർക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അംഗമായി തുടരുന്നിടത്തോളം കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് അനുസരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ പുറത്തുപോകണം. അല്ലാതെ എന്നെയാരും പഠിപ്പിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. മോദി സ്‌തുതിയുടെ പേരിൽ മന്ത്രിയാകാമെന്ന് ആരും വിചാരിക്കേണ്ട. കേസ് ഭയന്നിട്ടാണോ ചിലരുടെ മനംമാറ്റമെന്ന് അറിയില്ല. എന്നാൽ കേസിനെ കോടതിയിൽ നേരിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിവാദം ഇങ്ങനെ

മോദിയെ എപ്പോഴും വിമർശിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലന്നും അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും പറഞ്ഞുകൊണ്ട് ജയറാം രമേശാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ മുതിർന്ന നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, ശശി തരൂർ തുടങ്ങിയവർ ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. അതേസമയം, ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മോദിയെ കൂടുതൽ പുകഴ്‌ത്തേണ്ടെന്ന് പറഞ്ഞ ചെന്നിത്തലയെ തന്നെ പഠിപ്പിക്കാൻ ആരും നോക്കേണ്ടേന്ന് പറഞ്ഞാണ് തരൂർ നേരിട്ടത്.