missing-case

മുംബയ് : മധ്യപ്രദേശിൽ നിന്നും പത്തുദിവസങ്ങൾക്കു മുൻപു കാണാതായ ആൺകുട്ടി പ്രശസ്ത ബോളിവുഡ് നടിയ്‌ക്കൊപ്പമുള്ള ഫോട്ടോയിൽ. ആഗസ്റ്റ് മാസം പതിനേഴാം തീയതിമുതൽ കാണാതായ അജയ് എന്ന പതിനേഴുകാരനെയാണ് പ്രശസ്ത ബോളിവുഡ് നടിയായ സാറാ അലിഖാന്റെ ചിത്രത്തിനൊപ്പം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആരാധകർക്ക് ഇടയിലൂടെ നടന്നുനീങ്ങുന്ന നടിയ്‌ക്കൊപ്പം സെൽഫിയെടുക്കുന്ന അജയ്യുടെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലുള്ളത് തങ്ങളുടെ കാണാതായ മകനാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മകനെ കാണാനില്ലെന്നു കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ മകനെ കണ്ടെത്താനാവാതിരുന്നതോടെ എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ.

മുംബയ് എയർപോർട്ടിൽ നിന്നും ഇറങ്ങിവരുന്ന സാറയുടെ ചിത്രം രണ്ട് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നുവെങ്കിലും ഒരു ചിത്രം കാണാതായ പതിനേഴുകാരനെകുറിച്ചുള്ള സൂചനയായി മാറിയതിന്റെ ആശ്വാസത്തിലാണ് ചിത്രം ഷെയർ ചെയ്തവരിപ്പോൾ. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അജയിനെ ഉടൻ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് പൊലീസിപ്പോൾ.