teeka-ram-meena

തിരുവനന്തപുരം: പാല നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 2019 ജനുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ വോട്ടർ പട്ടിക പ്രകാരമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും മീണ അറിയിച്ചു. എല്ലാ ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് അടക്കമുള്ള ഉപകരണങ്ങളും തയ്യാറാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നിട്ടുണ്ട്. നവംബർ മാസം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന സൂചന. സെപ്തംബർ 23ന് ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുക പാലയിലാണ്.

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച മുതൽ പത്രികാ സമർപ്പണം തുടങ്ങും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം സെപ്തംബർ ഏഴിനാണ്. അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുക. സെപ്‌തംബർ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. അൻപതോളം വർഷങ്ങളായി കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പാലാ. കേരളത്തിലുൾപ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. അതേസമയം കോന്നി, അടൂർ, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാദ്ധ്യത.