pc-george

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി എം.പിയുടെ ഭാര്യ നിഷ മത്സരിച്ചാൽ നാണം കെട്ട് തോൽക്കുമെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ്. തന്റെ പാർട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ല എന്നും ക്രൈസ്‌തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരത്തിൽ ഇറക്കിയാൽ എൻ.ഡി.എയ്ക്ക് പാല പിടിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിഷയെ സ്ഥാനാർത്ഥിയാക്കുകയെന്ന മണ്ടത്തരം ജോസ്.കെ.മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണംകെട്ട പരിപാടിയാണ് നിഷ.ജോസ്.കെ മാണി കാണിക്കുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു. ഹൈന്ദവ ഭൂരിപക്ഷമുള്ള പാലായിൽ എൻ.ഡി.എയ്ക്ക് നല്ല വിജയസാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് അംഗങ്ങളാണ് നിയമസഭയിൽ എൻ.ഡി.എയ്ക്കുള്ളതെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് മൂന്നാകുമെന്നും പി.സി ജോർജ് വ്യക്തമാക്കി. പ്രമുഖ മാദ്ധ്യമത്തോടാണ് പി.സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,​ ജോസ് കെ.മാണിയെ സ്ഥാനാർത്ഥിയാക്കാൻ പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ആവശ്യം ഉന്നയിച്ചാതായി റിപ്പോർട്ടുണ്ട്. നിലവിൽ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തത്‌സ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചനകൾ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സിറ്റിംഗ് എം.എൽ.എമാരെ മൽസരത്തിനിറക്കിയിരുന്നു. ഈ മാതൃക പിന്തുടർന്നാണ് നേതാക്കൾ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയായി നിർദേശിക്കുന്നത്.