track-man

പാ‌റ്റ്‌ന: എന്ത് കഷ്‌ടപ്പാട് സഹിച്ചാലും വേണ്ടില്ല, ഒരു സർക്കാർ ജോലി വേണമെന്നാണ് പലരുടെയും ആഗ്രഹം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ ശമ്പളം കിട്ടുന്ന സർക്കാർ ജോലി ഏറ്റെടുക്കാൻ മിക്കവരും തയ്യാറാകും. കനത്ത തൊഴിലില്ലായ്മ നിലനിൽക്കുന്ന ഇന്ത്യയിലെ നിലവിലെ അവസ്ഥയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയേയുള്ളൂ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബീഹാറിൽ നിന്നും പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന് കരുതപ്പെടുന്ന മുംബയ് ഐ.ഐ.ടിയിൽ നിന്നും ബി.ടെക്കും എം.ടെക്കും പാസായ ശേഷം റെയിൽവേയിലെ ഗ്രൂപ്പ് ഡി വിഭാഗത്തിൽ പെട്ട ട്രാക്ക് മെയിന്റെയ്‌ന‍ർ അല്ലെങ്കിൽ ട്രാക്ക് മാനായി ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊഴിൽ നഷ്‌ടപ്പെടില്ലെന്ന ഒരൊറ്റ കാര്യം കൊണ്ടാണ് താൻ റെയിൽവേയിൽ ജോലി ചെയ്യാൻ തയ്യാറായതെന്നാണ് ബീഹാറുകാരനായ ശ്രാവൺ കുമാറിന്റെ വാദം. റെയിൽവേയിലെ ഗ്രൂപ്പ് ഡി പരീക്ഷ പാസായ ശ്രാവൺ ചന്ദ്രപുരയ്‌ക്കും ടെലോ സെക്‌ഷനും ഇടയിലെ ട്രാക്കുകൾ പരിശോധിക്കേണ്ട ചുമതലയാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം,​ ശ്രാവൺ കുമാർ ജോലിക്ക് കയറിയത് ധൻബാധ് റെയിൽവേ ഡിവിഷനിലെ മേലുദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്രയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളൊരാൾ റെയിൽവേയിലെ ഏറ്റവും താഴ്‌ന്ന ജോലി ഏറ്റെടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. 2010ൽ മുംബയ് ഐ.ഐ.ടിയിൽ ചേർന്ന ശ്രാവൺ ഇന്റർഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രൂ കോഴ്സ് പാസായി 2015ലാണ് അവിടെ നിന്നും ഇറങ്ങുന്നത്. സഹപാഠികളെല്ലാം സ്വകാര്യ കമ്പനികളിൽ ജോലി നേടിയെങ്കിലും സർക്കാർ ജോലി തന്നെ വേണമെന്നായിരുന്നു ശ്രാവണിന്റെ നിലപാട്.ഇപ്പോഴത്തേത് താത്കാലികം മാത്രമാണെന്നും അധികം താമസിയാതെ തന്നെ താൻ സർക്കാർ സർവീസിൽ നല്ലൊരു ജോലി സമ്പാദിക്കുമെന്നും ശ്രാവൺ വ്യക്തമാക്കി.