iphone

മനുഷ്യശരീരത്തിന് ഹാനികരമായ റേഡിയോ ഫ്രീക്വൻസി പുറപ്പെടുവിക്കുന്ന സ്മാർട്ട്ഫോണുകൾ നിർമിച്ച ആപ്പിളിനും സാംസങ്ങിനും എതിരെ അമേരിക്കയിൽ കേസ്. വടക്കൻ കാലിഫോർണിയയിലെ ജില്ലാ കോടതിയിലാണ് ആപ്പിളിനും സാംസങ്ങിനും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ നിഷ്കർഷിക്കുന്ന, അനുവദിനീയമായ അളവിനും അപ്പുറമാണ് ആപ്പിളിന്റെയും, സാംസങ്ങിന്റെയും ഡിവൈസുകളിൽ നിന്നും പുറപ്പെടുന്ന റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ എന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിയിലെ കേസ്.

ഐഫോൺ 7, ഐഫോൺ 7 പ്ലസ്, സാംസങ് ഗാലക്‌സി എസ് 8, ഗാലക്‌സി നോട്ട് 8, എന്നീ ഫോണുകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള എമിഷനുകൾ ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. ചിക്കാഗോ ട്രിബ്യുൺ എന്ന അമേരിക്കൻ പത്രവും ഇത്തരത്തിൽ ഈ ഫോണുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ആപ്പിൾ സ്വന്തം പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതിനെക്കാൾ ഇരട്ടിയാണ് ആപ്പിളിന്റെ ഏതാനും ഫോണുകളിലെ റേഡിയേഷൻ എന്നും പത്രം കണ്ടെത്തിയിരുന്നു.

കാൻസർ, ജനിതക രോഗങ്ങൾ, സെല്ലുല്ലാർ സ്ട്രെസ്, വന്ധ്യത മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് ഈ റേഡിയേഷൻ കാരണം മനുഷ്യരിൽ ഉണ്ടാകുക. മൊബൈൽ ഫോണിൽ നിന്നുമുണ്ടാകുന്ന കിരണങ്ങൾ ശരീരം പിടിച്ചെടുക്കുന്ന തോതിനെ എസ്.എ.ആർ വാല്യൂ എന്നാണ് പറയുക. ഈ വാല്യൂ കുറവുള്ള ഫോണുകൾ വാങ്ങിയാൽ റേഡിയേഷനിൽ നിന്നും രക്ഷപ്പെടാം എന്നാണ് ഉപഭോക്താക്കൾ പൊതുവെ കരുതുന്നത്.

ഫോണുകളിൽ നിന്നും പുറപ്പെടുന്ന ആർ.എഫ്(റേഡിയോ ഫ്രീക്വൻസി) റേഡിയേഷനും അങ്ങേയറ്റം ഹാനികരമായി ശരീരത്തെ ബാധിക്കുമെന്ന്‌ അധികമാർക്കും അറിയില്ല. എന്നാൽ തങ്ങളുടെ ഡിവൈസുകൾ എല്ലാം അമേരിക്കൻ എഫ്.സി.സി നിയമങ്ങൾ പിൻതുടരുന്നവയാണ് എന്നാണ് ആപ്പിൾ കമ്പനി പറയുന്നത്. എന്നാൽ സാംസങ് ഇനിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.