ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ സി.ബി.ഐ അറസ്‌റ്റ് ചെയ്‌ത മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസിൽ അറസ്‌റ്റ് ചെയ്‌തതോടെ മുൻകൂർ ജാമ്യഹർജിക്ക് പ്രസക്‌തിയില്ലെന്ന് വ്യക്തമാക്കിയ കോടതി സി.ബി.ഐയ്‌ക്കെതിരെ നൽകിയ ഹർജി തള്ളുകയും ചെയ്‌തു. എന്നാൽ സി.ബി.ഐ അറസ്‌റ്റിനെതിരെ സമർപ്പിച്ച ഹർജി ചീഫ് ജസ്‌റ്റിസിന്റെ അനുമതിയില്ലാതെ ലിസ്‌റ്റ് ചെയ്യാനാവില്ലെന്ന് ജസ്‌റ്റിസ് ഭാനുമതി വ്യക്തമാക്കി. ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, കള്ളപ്പണം വെളുപ്പിച്ചെന്ന് കാട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം നൽകിയ ഹർജി ഉടൻ പരിഗണിക്കും.
അതേസമയം, ചിദംബരം വിദേശനിക്ഷേപം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന്റെ നിലപാട്. ചിദംബരത്തിന് 12 രാജ്യങ്ങളിൽ നിക്ഷേപമോ വസ്തുവകകളോ ഉണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന രഹസ്യാന്വേഷ വിഭാഗത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. 17 രാജ്യങ്ങളിൽ ചിദംബരം ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ക്രയവിക്രയങ്ങൾ നടത്തി. വിദേശരാജ്യങ്ങളിൽ ഷെൽ കമ്പനികൾ രൂപീകരിച്ചാണ് നിക്ഷേപം നടത്തിയത്. എന്നാൽ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ ഈ കമ്പനികളുടെ ഡയറക്‌ടർമാരെ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ഐ.എൻ.എക്സ് കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും ചിദംബരവും തമ്മിൽ നടത്തിയ ചർച്ചയുടെ ഇടനിലക്കാരിൽ രണ്ട് പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയിൽ തെളിവുകളുണ്ട്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ചിദംബരം ഇതിനോട് സഹകരിച്ചില്ല. അതിനാൽ ചിദംബരത്തെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇ.ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെടും.