യാത്രാപ്രിയരായ പലരും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് ആലോചിക്കാറുണ്ട്. യാത്ര ചെയ്യാനുള്ള ആഗ്രഹവും സാമ്പത്തിക ഞെരുക്കവുമായിരിക്കും അങ്ങനെയൊരു ചിന്തയുടെ പ്രധാന കാരണം. എന്നാൽ, കുറഞ്ഞ ചിലവിൽ ഒന്ന് ഡൽഹി വരെ പോയി വന്നാലോ? കീശകാലിയാകാതെ ഡൽഹിയിൽ പോയി വരാനിതാ അടിപൊളി പ്ലാൻ.
ഭാഷയും സ്ഥലങ്ങളുമെല്ലാം അപരിചിതമാണെന്നത് പേടിക്കേണ്ട. പോയി വരാൻ പറ്റിയ പ്ലാനാണിത്. വെറും 250 രൂപയ്ക്ക് ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ കറങ്ങിയടിച്ച് വരാനാകും. 250 രൂപ മുതൽ 500 വരെ മുടക്കി ചുറ്റയടിച്ച് വരാനുള്ള സ്ഥലങ്ങൾ ഡൽഹിയിൽ ഉണ്ട്. ഗൂഗിളിൽ Delhi sightseen bus service എന്ന് ചെക്ക് ചെയ്താൽ 250-550നും ഇടയിൽ നിരവധി ബസ് സർവീസുകൾ കാണാം.
സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിൽ ഏറ്റവും ചീപ്പ് റേറ്റാണ് 250. ഇവിടെ ഡൽഹി ചുറ്റിയടിക്കാനുള്ള ഒരു ബസ് സർവീസുണ്ട്. ഈ ബസിൽ കയറി ഓരോ സ്ഥലമെത്തുമ്പോഴും ബസിനകത്തെ ട്രാവൽ ഗെയ്ഡ് സ്ഥലത്തെ കുറിച്ച് കാര്യങ്ങൾ പറഞ്ഞു തരും. ഹിന്ദിയിലാണ് ഗെയിഡിന്റെ സംസാരമെങ്കിലും ഭാഷ അറിയില്ലെന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ വിവരങ്ങൾ പറഞ്ഞുതരാനും ഇവർ തയ്യാർ. എല്ലാ സ്പോട്ടിലും നിശ്ചിത സമയം ഗെയ്ഡ് അനുവദിക്കും. മണിക്കൂർ വച്ചാണ് കണക്ക്. തിരിച്ച് ബസിൽ കയറി അടുത്ത സെെറ്റിൽ പോകാം.
ഡൽഹിയിൽ പ്രധാന സ്ഥലങ്ങളാണ് ഗെയ്ഡിന്റെ ട്രാവൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 15 സ്ഥലങ്ങളാണ് ഇവരുടെ ലിസ്റ്റിലുള്ളത്. ഇ-മെയിലിലോ വാട്സാപ്പിലോ ആണ് സ്ഥലത്തിന്റെ പി.ഡി.എഫ് ലിസ്റ്റുകൾ അയച്ച് തരിക. ഇന്ത്യ ഗേറ്റ്, കുത്തബ് മിനാർ, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, രാഷ്ട്രപതിഭവൻ, റെഡ്ഫോർട്ട്, എന്നിവയടക്കം ലിസ്റ്റിലുണ്ടാകും. ഒറ്റയ്ക്കുള്ള യാത്രയ്ക്കാണെങ്കിലും ഈ ട്രിപ്പ് പൊളിയാണ്. ഓരോ പ്രാവശ്യം ഓട്ടോയിലും ടാക്സിയിലും ഇറങ്ങിക്കയറേണ്ട ആവശ്യമില്ല. ലഗേജ് കൊണ്ടുള്ള ബുദ്ധിമുട്ടുമില്ല. ചെറിയൊരു ട്രാവൽ ബാഗും പവർബാങ്കും മാത്രം എടുത്ത് യാത്രയ്ക്കൊരുങ്ങാം.