abhaya

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ഒന്നാം സാക്ഷി വിചാരണ നടക്കുന്നതിനിടെ കൂറ് മാറി. അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് ഇപ്പോൾ കൂറുമാറിയിരിക്കുന്നത്. ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും അത് സി.ബി.ഐ പ്രത്യേക കോടതി അംഗീകരിക്കുകയും ചെയ്തു. കേസിലെ ഒന്ന്,രണ്ട് എന്നീ സാക്ഷികൾ മരണപെട്ടതിനെ തുടർന്നാണ് അനുപമ ഒന്നാം സാക്ഷിയുടെ സ്ഥാനത്തേക്ക് എത്തുന്നത്. ആകെ 50 സാക്ഷികളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്.

പത്ത് വർഷത്തിന് ശേഷമാണ് കേസിലെ വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് കേസിലെ പ്രതികൾ നിരന്തരം ഹൈക്കോടതിയെ സമീപിച്ചതിനാലാണ് വിചാരണ നടപടികൾ നിരന്തരം മാറ്റി വച്ചത്. രണ്ടാം പ്രതി ഫാദർ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിൾ എന്നിവരെ നേരത്തെ കേസിൽ നിന്നും കുറ്റവിമുക്തരാക്കിയിരുന്നു.

ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. 2009ലാണ് കേസിലെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്ഥലം പൊലീസ് അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്.