atheist-karunanidhi-

നാമക്കൽ (തമിഴ്നാട്): അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിൽ തഞ്ചാവൂരിൽ ക്ഷേത്രം നിർമ്മിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ കരുണാനിധിയുടെ പേരിലും ക്ഷേത്രം ഉയരുന്നു. 30 ലക്ഷം രൂപ ചെലവിൽ തമിഴ്നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. തികഞ്ഞ ഈശ്വര വിശ്വാസിയും ഭക്തയുമായ ജയലളിതയുടെ ഓർമ്മയ്ക്ക് ക്ഷേത്രം നിർമ്മിച്ചതെങ്കിൽ,​ ഇത്തവണ നിരീശ്വരവാദിയും യുക്തിവാദിയുമായ കരുണാനിധിയുടെ പേരിലാണ് ക്ഷേത്രം ഉയരുന്നത്.

നാമക്കൽ ജില്ലയിലെ കുച്ചിക്കാട് എന്ന ഗ്രാമിത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 'പഗുത്തറിവ് ആലയം' എന്ന് പേരിട്ട ക്ഷേത്രത്തിന്റെ നിർമ്മാണം തമിഴ്‌നാട്ടിലെ പിന്നാക്ക ഉപജാതിയായ ‘അരുന്ധതിയാർ’ (ദളിത്) സമൂഹത്തിൽപ്പെട്ടവരാണ് വഹിക്കുന്നത്. കരുണാനിധിയുടെ ഭരണ കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും മൂന്ന് ശതമാനം പ്രത്യേക സംവരണം നൽകിയതിനുള്ള നന്ദി സൂചകമായാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് അരുന്ധതിയാർ സമിതി പ്രസിഡന്റ് ചിന്നസ്വാമി പറഞ്ഞു. 30 ലക്ഷമാണ് നിർമ്മാണ ചിലവ്. ഡി.എം.കെയിലെ സ്ത്രീ കൂട്ടായ്മയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കരുണാനിധി അന്തരിച്ച ദിവസമാണ് ക്ഷേത്രം നിർമ്മിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. ഇത്രയും ദിവസം ഇതിന് വേണ്ട പണം കണ്ടെത്തുകയായിരുന്നെന്നും കുച്ചിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് നല്ലതമ്പി പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ജയലളിതയ്ക്ക് വേണ്ടി എ.ഐ.എ.ഡി.എം.കെ കൗൺസിലറായ എം.സ്വാമിനാഥൻ അമ്മയുടെ പേരിൽ ക്ഷേത്രം പണിതത്. രണ്ട് ലക്ഷം രൂപ ചെലവിട്ട് പത്ത് ദിവസങ്ങൾ കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചത്. ഒരു ജീവിതകാലം കൊണ്ട് മറ്റൊരാൾക്കും കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ജയലളിതയെന്നും അതുകൊണ്ടുതന്നെ അവർ ദൈവമാണെന്നും സ്വാമിനാഥൻ അവകാശപ്പെട്ടിരുന്നു. സിംഹാസനത്തിലിരിക്കുന്ന ജയലളിതയുടെ വലിയ ചിത്രമാണ് ക്ഷേത്രത്തിലുള്ളത്. ഇരുവശത്തായി അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ഫോട്ടോകളുമുണ്ട്.