arrest

മൂന്നാർ : അച്ഛനായതിന്റെ സന്തോഷം കൊണ്ട് രണ്ട് കാലിൽ നിൽക്കാനാവാത്തതിനാൽ മൂന്നാർ സ്വദേശിയായ നവീൻ തോമസ് ആദ്യം സുഹൃത്തുമായി നേരെ ബാറിലെത്തി രണ്ടെണ്ണം അടിച്ചു നാലുകാലിൽ തിരികെ ആശുപത്രിയിലെത്തി. ഭാര്യയേയും കുഞ്ഞിനേയും കണ്ടതോടെ യുവാവിന്റെ മനസിൽ മറ്റൊരാശയം മൊട്ടിട്ടു. മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്ക് ഒരു ടൂർ അതും പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ ഭാര്യയേയും കൂട്ടി. നവീന്റെ ഈ നവീനആശയം ആശുപത്രി അധികൃതർക്ക് അനാവശ്യമായി തോന്നിയതിനാൽ ആദ്യം അവർ തമാശയായി കണ്ടു ചിരിച്ചു, എന്നാൽ യുവാവിന്റെ ആവശ്യം കാര്യമായിട്ടുള്ളതാണെന്ന് മനസിലായതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് പൊലീസെത്തി നവീനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ കൂട്ടുകാരനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അടിമാലി താലൂക്ക് ആശുപത്രിയിലുണ്ടായ ഈ വിചിത്ര ആവശ്യം മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതോടെ നാട്ടിലാകെ പാട്ടായിരിക്കുകയാണ്. പൊലീസ് കാവലിൽ നവീൻ തോമസിന്റെ ടൂർ കോടതിയിൽ വരെ എത്തിയതായിട്ടാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.