ഇത് 45കാരിയായ ബ്രെൻഡ ട്രേസി, 1998ൽ 24 വയസുകാരിയായ ബ്രെൻഡയെ ഫുട്ബോൾ കളിക്കാരായ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരപീഡനത്തെ അതിജീവിച്ച ബ്രെൻഡ ഇന്ന് വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് അത്‌ലറ്റുകൾക്കും വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ നൽകുന്നു. താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ബ്രെൻഡയുടെ വാക്കുകൾ
ഇരുപത്തിനാല് വയസുള്ളപ്പോഴാണ് ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ രണ്ട് മക്കളെയും എടുത്തുകൊണ്ട് ഞാൻ അമ്മയുടെ വീട്ടിലേക്ക് താമസം മാറിയത്. കുറച്ച് മാസങ്ങൾക്ക് ശേഷം വീടിനടുത്തുള്ള ഓർഗോൺ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുട്ബോൾ ടീമിലുള്ള ഒരാളുമായി ഞാൻ ചങ്ങാത്തത്തിലായി. ഒരു ദിവസം എന്റെ ഒരു വനിതാ സുഹൃത്ത് അവളുടെ ആൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുവാൻ എന്നെ ക്ഷണിച്ചു. എന്റെയും അവളുടെയും ആൺ സുഹൃത്തുക്കൾ ഒരേ ടീമിലെ കളിക്കാരായിരുന്നു. അവരുടെ കുറച്ച് സുഹൃത്തുക്കളും അന്ന് ആ വീട്ടിലുണ്ടായിരുന്നു. മദ്യപാനിയായ ഒരച്ഛന്റെയും ഭർത്താവിന്റെയും ഉപദ്രവം സഹിച്ച് വളർന്ന എനിക്ക് മദ്യപാന ശീലം തീരെ ഇല്ലായിരുന്നു. എന്നാൽ ആ രാത്രി അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ചെറുതായി മദ്യപിച്ചു. മദ്യം അകത്തുചെന്ന് 10 മിനിട്ട് കഴിഞ്ഞതും ലോകം എനിക്ക് ചുറ്റും കറങ്ങാൻ തുടങ്ങി. ഇതിനിടയിൽ കൂട്ടുകാരിയും അവളുടെ ആൺസുഹൃത്തും ബെഡ്റൂമിലേക്ക് പോകുന്നത് ഞാൻ കണ്ടു. ഇതിനിടയിൽ ഞാൻ അബോധാവസ്ഥയിലേക്ക് വഴുതി വീണു.
ഇടയ്‌ക്ക് എപ്പോഴോ ബോധം വന്നപ്പോൾ ഞാൻ വിവസ്ത്രയാണ്. എന്റെ കാലുകളും കൈകളും ബന്ധിച്ചിരുന്നു. തലമാത്രമേ അനക്കാൻ കഴിഞ്ഞുള്ളൂ. നാല് പുരുഷന്മാർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അവരെന്നെ ആറ് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും പറയാൻ പോലും കഴിയാതെ ഞാൻ കിടക്കയിൽ തളർന്നുകിടന്നു. അബോധാവസ്ഥയിൽ നിന്നും ബോധത്തിലേക്ക് ഇടയ്‌ക്കിടയ്‌ക്ക് ഉണർന്നുകൊണ്ടിരുന്ന ഞാൻ ഒരു തുണിക്കെട്ട് പോലെ അവിടെ കിടന്നു. ഇതിനിടയിൽ എന്റെ രഹസ്യ അവയവത്തിലേക്ക് മദ്യക്കുപ്പിയും ടോർച്ച് ലൈറ്റും കയറ്റുന്നത് ഞാൻ അറിഞ്ഞു. എന്നെ കീഴ്‌പ്പെടുത്തിയ സന്തോഷത്തിൽ പരസ്പരം കൈകൾ കൊട്ടുന്ന നാല് പേരുടെ മുഖങ്ങൾ എന്റെ മനസിൽ മായാതെ കിടന്നു.
പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ഞാൻ തറയിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. എന്റെ വയറിന് മുകളിൽ ഉണങ്ങിയ ഗർഭനിരോധന ഉറയും ഛർദ്ദിയുടെ അവശിഷ്‌ടങ്ങളും ഉണ്ടായിരുന്നു. എന്റെ തലമുടി പശപോലുള്ള എന്തോ വച്ച് ഒട്ടിച്ചിരുന്നു. ശരീരത്തിൽ മുഴുവൻ ചിപ്‌സും ഭക്ഷണ അവശിഷ്‌ടങ്ങളും വിതറിയിരുന്നു. ചവറ്റുകുട്ടയിൽ എറിയപ്പെട്ട മാലിന്യം പോലെ എനിക്ക് തോന്നി. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട പുലർവേള. ആ വീട്ടിൽ നിന്നും പുറത്തുകടന്നതോടെ ഞാൻ നിറുത്താതെ കരയാൻ തുടങ്ങി. ഇങ്ങനെയൊരു ശിക്ഷ ലഭിക്കാൻ എന്ത് തെറ്റ് ചെയ്‌തുവെന്നാണ് ആദ്യം ഞാൻ ചികഞ്ഞത്. വീട്ടിലെത്തിയപ്പോൾ ആശുപത്രിയിൽ പോകാമെന്നാണ് അമ്മ ഉപദേശിച്ചത്. തുടർന്ന് ഞങ്ങൾ ആശുപത്രിയിലേക്ക് പോയി. അവിടേക്കുള്ള യാത്രയിൽ ആത്മഹത്യ ചെയ്യണം എന്ന് മാത്രമായിരുന്നു ഞാൻ ചിന്തിച്ചത്. എന്നാൽ ആശുപത്രിയിലെ നഴ്സ് എന്റെ മനസ് മാറ്റി. ജീവിക്കാനുള്ള പ്രചോദനം തന്നു. ഞാൻ പൊലീസിൽ പരാതി നൽകി. നാല് പേരെയും പൊലീസ് അറസ‌്റ്റ് ചെയ്‌തു.
എന്നാൽ കാര്യങ്ങൾ ഇവിടെ അവസാനിച്ചില്ല. എന്നെ പീഡിപ്പിച്ചവരിൽ രണ്ട് പേർ പ്രമുഖ ഫുട്ബോൾ ക്ലബ്ബിലെ കളിക്കാർ ആയതിനാൽ സംഭവം വലിയ വാർത്തയായി. അവരുടെ ഭാവി കളയാനായി ഞാൻ മനപ്പൂർവം ശ്രമിക്കുകയാണെന്നാണ് സമൂഹം വിധിയെഴുതിയത്. ഇക്കാര്യത്തിൽ എന്റെ ആൺസുഹൃത്തിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അയാൾ എന്നെ ഉപേക്ഷിച്ച് പോയി. എന്റെ മക്കളെ കൊല്ലുമെന്ന് പോലും ആളുകൾ ഭീഷണിപ്പെടുത്തി. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ എനിക്കെതിരെ മൊഴി നൽകുമെന്ന് ആ രാത്രി അവിടേക്ക് എന്നെ ക്ഷണിച്ച കൂട്ടുകാരി പോലും നിലപാടെടുത്തു. ഒടുവിൽ ഗത്യന്തരമില്ലാതെ നിയമപോരാട്ടത്തിൽ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. എന്നെ പീഡിപ്പിച്ചവർക്ക് ഒരു മത്സരത്തിൽ നിന്നും സസ്പെൻഷൻ നൽകി അവരുടെ പരിശീലകൻ എല്ലാം പറഞ്ഞുതീർത്തു.
പക്ഷേ ഇതല്ല എന്റെ കഥ. ഇത്രയും ദുരന്തങ്ങൾക്കിടയിലും എനിക്കൊരു വിജയത്തിന്റെ കഥ പറയാനുണ്ട്. ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി നഴ്സായി ജോലി തുടങ്ങി. ദുരിതം മാത്രം കൂട്ടിനുണ്ടായിരുന്ന ഒരു അമ്മയിൽ നിന്നും വലിയ വീടും രണ്ട് കാറുകളുമുള്ള ഒരു സ്ത്രീയായി ഞാൻ മാറി. എന്നാൽ ഇത്രയുമൊക്കെയുണ്ടായിട്ടും ഓരോ ദിവസവും ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും. എന്റെ മക്കളെ ഓർത്ത് മാത്രം അതിൽ നിന്നും പിന്മാറുകയും ചെയ്യും. എന്നാൽ 2014ൽ ഞാൻ എന്റെ കഥ ഒരു മാദ്ധ്യമ പ്രവർത്തകനോട് പറഞ്ഞു. അത് വലിയ ശ്രദ്ധനേടി.ഞാൻ പറയുന്നത് എല്ലാവരും വിശ്വസിക്കാൻ തയ്യാറായി. ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ എന്നെ നേരിൽ കണ്ട് മാപ്പുപറഞ്ഞു. പണ്ട് കളിക്കാർക്ക് ചെറിയ ശിക്ഷ നൽകിയ പരിശീലകനും എന്നോട് മാപ്പപേക്ഷിച്ചു. മാത്രവുമല്ല തങ്ങളുടെ ക്ലബ്ബിലെ പുതിയ കളിക്കാരോട് സംസാരിക്കാനും അവർ ക്ഷണിച്ചു. ഇതെന്നിൽ തെല്ല് അമ്പരപ്പുണ്ടാക്കിയെങ്കിലും എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്നുള്ള ചിന്ത മനസിലുണ്ടായിരുന്നു. 2016ൽ നൂറുപേരുള്ള സദസിനോട് എന്റെ കഥ വിശദീകരിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് ആ പ്രസംഗം വൈറലായി രാജ്യത്തെ എല്ലാ സർവകലാശാലകളിലെ കുട്ടികളും എന്റെ പ്രസംഗം കേൾക്കാൻ ആഗ്രഹിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും എനിക്ക് ഓഫറുകൾ വന്നു. വിവിധയാളുകളോട് ഞാൻ സംസാരിച്ചു. എന്റെ വാക്കുകൾ കേട്ട് നിരവധി പുരുഷന്മാർ കരഞ്ഞു. എല്ലാ പുരുഷന്മാരും സ്ത്രീകളെ ഉപദ്രവിക്കുന്നവരല്ല. സ്ത്രീകളെ അതിക്രമങ്ങളിൽ നിന്നും രക്ഷിക്കുന്നത് പുരുഷന്മാർ തന്നെയാണ്.
എല്ലായിടത്തും പോകുമ്പോൾ ഞാൻ നേരിടുന്ന ഒരു ചോദ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം എന്നാണ് നിങ്ങളുടെ മക്കളോട് പറയുകയെന്ന്. എന്റെ മൂത്ത മകന് 17 വയസുള്ളപ്പോൾ ഞാൻ ഇക്കാര്യം അവരോട് പറഞ്ഞു. അതിന് ശേഷം എന്നോടുള്ള അവരുടെ പെരുമാറ്റം മാറി. പല ജന്മത്തിലെ വേദനകൾ ഒരുമിച്ച് അനുഭവിച്ച അവരുടെ അമ്മയെ ബഹുമാനത്തോടെയല്ലാതെ അവന് നോക്കാൻ കഴിഞ്ഞില്ല. ഇന്ന് എന്റെ മക്കളാണ് എന്റെ ഏറ്റവും വലിയ ആരാധകർ.