കള്ളച്ചിരിയും കള്ള നോട്ടവുമെറിഞ്ഞ് ഉറിയടിക്കണ്ണനായ പെൺകുട്ടി. സോഷ്യൽ മീഡിയയിൽ വെെറലാണ് ഈ കൃഷ്ണ രൂപം. കണ്ണന്റെ വേഷത്തിൽ ചുവടുവച്ച ഈ പെൺകുട്ടി ആരാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിച്ചിരുന്നു. വെറും 30 സെക്കൻ‌് ദെെർഘ്യമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധേയമായത്.
ഭംഗിയും ചെെതന്യവും കൊണ്ട് കൃഷ്ണന്റെ രൂപത്തിൽ ഉറിയടിക്കുന്ന പെൺകുട്ടി ഗുരുവായൂർ സ്വദേശി തന്നെയാണ്. വൈഷ്ണവ കെ. സുനിൽ എന്ന പെൺകുട്ടിയാണ് കണ്ണന്റെ വേഷമണിഞ്ഞത് മനോഹരമായി ചുവട് വച്ചത്. എന്നാൽ വെെറലായി കൊണ്ടിരിക്കുന്ന ആ വീഡിയോ ഈ വർഷത്തെ അല്ലെന്നും വൈഷ്ണവ പറഞ്ഞിരുന്നു. ചെറുപ്പം മുതൽക്കേ തുടങ്ങിയ ആഗ്രഹമായിരുന്നു കൃഷ്ണരൂപം കെട്ടണമെന്നുള്ളതെന്നും വെെഷ്ണവ വ്യക്തമാക്കി.
"സത്യം പറഞ്ഞാൽ ചെറുപ്പം തൊട്ടേയുള്ള ആഗ്രഹമായിരുന്നു ഉറിയടിക്കണ്ണനാവണമെന്നുള്ളത്. മീരശ്രീ എന്ന ചേച്ചി ആയിരുന്നു ഗുരുവായൂരിൽ ആദ്യം ഉറിയടിക്കണ്ണനായിരുന്നത്. കണ്ണനാവാൻ ചാൻസ് കിട്ടാൻ കാത്തിരുന്നു. ആ സമയത്ത് ഞാൻ ഗോപകനായിട്ടായിരുന്നു ആദ്യം വേഷം കെട്ടിയത്. അന്ന് തൊട്ടുള്ള ആഗ്രഹമായിരുന്നു ഉറിയടിക്കണ്ണനാകണമെന്നുള്ളത്. ചേച്ചി പോയതിന് ശേഷം ചെയ്യാനാഗ്രഹമുണ്ടോയെന്ന് അവിടെയുള്ളവർ ചോദിക്കുകയും ചെയ്തു. എന്നാൽ, അമ്മയുടെ ആഗ്രഹം രാധയാക്കണമെന്നായിരുന്നു. എന്നാൽ, എന്റെ ആഗ്രഹം കൃഷ്ണനാകണമെന്നായിരുന്നു.
അങ്ങനെ 2017ലായിരുന്നു ആദ്യമായി കൃഷ്ണനായത്. അന്ന് ഇത്രയ്ക്കും വെെറലായിരുന്നില്ല ഈ ചിത്രങ്ങൾ. നല്ല അനുഭവമായിരുന്നു. കണ്ണന്റെ കള്ള കഥാപാത്രങ്ങൾ അഭിനയിച്ചു. പ്രായത്തേക്കാൾ മൂത്തവർ വന്ന് കൃഷ്ണനായി തന്നെ കാണുമ്പോഴും പ്രത്യേക അനുഭവമായിരുന്നു. ഉറിയടിക്കുന്ന സമയത്ത് സ്വന്തമായുള്ള ഭാവം വരുത്താനും ശ്രമിക്കാറുണ്ട്"-വെെഷ്ണവ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വെെറലായത്. ഓമനത്തമുള്ള ചിരിയുമായി കുസൃതി കണ്ണനായുള്ള പകർന്നാട്ടം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. പലരുടെയും വാട്സപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളായി ഈ വീഡിയോ മാറിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ തവണത്തെ ആഘോഷത്തിനിടയിലുള്ള വീഡിയോ ആണിത്. വീഡിയോ ഇത്രയും വെെറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആളുകൾ എന്ന ശ്രദ്ധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും വൈഷ്ണവ പറഞ്ഞു. മൂന്ന് വർഷമായി കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ താൻ ചുവട് വയ്ക്കുന്നുണ്ട്.