devasuran

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കാണ് മോഹൻലാലും രഞ്ജിത്തും ഐ.വി ശശിയും ഒന്നിച്ച 'ദേവാസുരം'. ദേവന്റെയും അസുരന്റെയും ഗുണങ്ങൾ ഒന്നിച്ചുചേർത്ത് രഞ്ജിത്ത് രൂപം നൽകിയ മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകന്റെ മനസിൽ പുരുഷത്വത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമായി നിൽക്കുന്നുണ്ട്. തന്റെ പരിചയക്കാരനായിരുന്ന മുല്ലശ്ശേരി രാജഗോപാലിനെ പരിവർത്തിപ്പിച്ച് നീലകണ്ഠനായി മാറ്റിയ കഥ പറയുകയാണ് രഞ്ജിത്ത്. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട ദേവാസുരത്തെ കുറിച്ചും അതിലെ നായകൻ മംഗലശേരി നീലകണ്ഠനെ കുറിച്ചും രഞ്ജിത്ത് മനസ് തുറന്നത്.

തന്റെ സുഹൃത്തായിരുന്ന രാജഗോപാലിന്റെയും ബേബിചേച്ചിയുടെയും കഥയാണ് രഞ്ജിത്ത് സിനിമയാക്കിയത്. ബേബിചേച്ചിക്ക് തുടക്കത്തിൽ രാജനെ ഇഷ്ടമല്ലായിരുന്നു. എന്നാൽ ഒരു കാറപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ അയാളെ ശുശ്രൂഷിക്കാനെത്തിയ ബേബി ക്രമേണ അയാളുമായി പ്രണയത്തിലായി. ഒടുവിൽ ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ ജീവിതത്തിൽ നടന്നത് ഇത്ര മാത്രമേയുള്ളൂ. മുണ്ടക്കൽ ശേഖരനും, 'ഫ്യൂഡൽ ലോർഡ്' ആയ നീലകണ്ഠനും, ഭാനുമതിയുടെ നൃത്തവും എല്ലാം രഞ്ജിത്തിന്റെ ഭാവനയിൽ വിരിഞ്ഞ കാര്യങ്ങളാണ്. അതൊടുവിൽ 'ദേവാസുരം' എന്ന അത്യുഗ്രൻ സിനിമയായി കലാശിക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ച ഒരു രസകരമായ സംഭവവും രഞ്ജിത്ത് പങ്കുവച്ചു. കഥയിൽ തളർന്ന് അവശനായി കിടക്കുന്ന നീലകണ്ഠനെ ശേഖരൻ ചവിട്ടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ആ സമയത്ത് മോഹൻലാലിന്റ നെഞ്ചത്ത് ചവിട്ടാൻ ശേഖരനായി അഭിനയിക്കുന്ന നെപോളിയന് ചെറിയൊരു പേടി. ശേഖരൻ ദേഹത്ത് ചവിട്ടുന്നതും, തുടർന്ന് രോഷം അടക്കി കിടക്കുന്ന നീലകണ്ഠന്റെ നെറ്റിയിൽ നിന്നും മുറിവ് പൊട്ടി രക്തം ഒഴുകുന്നതുമാണ് സീൻ. തന്നെ ചവിട്ടാൻ മടിച്ച് നിന്ന നെപ്പോളിയനെ കണ്ട് മോഹൻലാൽ ഇടപെട്ടു.

ലാൽ നെപ്പോളിയന് ധൈര്യം നൽകി. ഒടുവിൽ നെപ്പോളിയൻ വഴങ്ങുകയും ആ സീൻ വിജയകരമായി പൂർത്തിയാക്കി. സിനിമയിലേക്ക് നെപ്പോളിയനെ കൊണ്ടുവന്നതും മോഹൻലാലാണ് എന്ന കാര്യവും രഞ്ജിത്ത് വെളിപ്പെടുത്തി. ശേഖരന്റെ വേഷത്തിൽ പതിവ് ആൾക്കാർ പോരാ എന്ന് രഞ്ജിത്ത് ഐ.വി ശശിയോട് പറഞ്ഞിരുന്നു. ഇത് കേട്ട മോഹൻലാൽ 'മദ്രാസിൽ ഒരാളുണ്ട്, പൂജയുടെ സമയത്ത് വരും' എന്ന് ഇവരോട് പറഞ്ഞു. ആ ആൾ നെപ്പോളിയനായിരുന്നു.