വാഷിംഗ്ടൺ: വിവിധ വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകൾ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. എന്നാലിപ്പോൾ അതിനെയെല്ലാം കടത്തി വെട്ടുന്ന നിർദ്ദേശമാണ് കക്ഷി മുന്നോട്ടു വച്ചത്. അമേരിക്കയിൽ സ്ഥിരമായി നാശം വിതയ്ക്കുന്ന ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ട് തകർത്താലെന്തെന്നാണ് ട്രംപിന്റെ ചിന്ത!.
ചുഴലിക്കാറ്റിനെതിരെ ആറ്റം ബോംബ് പരീക്ഷിച്ചുകൂടേ എന്ന് ട്രംപ് ചോദിച്ചതായി അമേരിക്കൻ വാർത്താ സൈറ്റായ ആക്സിയോസ് ആണ് റിപ്പോർട്ട് ചെയ്തത്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ട്രംപിന്റെ ആവശ്യത്തോട് പൂർണമായും മുഖം തിരിക്കാതെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു അവരിൽ ചിലരുടെ മറുപടി. എന്നാൽ, പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളിൽ മറുപടി പറയാറില്ലെന്നു പറഞ്ഞ് വൈറ്റ് ഹൗസ് വക്താവ് ഒഴിഞ്ഞുമാറി.
വൈറ്റ് ഹൗസിൽ ഹോം ലാൻഡ് സെക്യൂരിട്ടി, നാഷണൽ സെക്യൂരിട്ടി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം നിർദ്ദേശിച്ചത്. എന്നാൽ ഇത് എന്ന് നടന്ന സംഭാഷണമാണെന്ന് വ്യക്തമല്ല.
''കാര്യങ്ങൾ മനസിലാകുന്നുണ്ട്. എന്തുകൊണ്ട് നമുക്ക് അണുവായുധം പ്രയോഗിച്ചു കൂടാ. ചുഴലിക്കാറ്റ് ആഫ്രിക്കൻ തീരത്തിന് സമീപത്താണ് രൂപം കൊള്ളുക. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. അമേരിക്കയിൽ എത്തും മുമ്പ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് ബോംബിട്ട് അതിന്റെ സംവിധാനത്തെ അലങ്കോലപ്പെടുത്താം. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂടാ?"- ട്രംപ് ചോദിച്ചു. അതേസമയം, ചുഴലിക്കാറ്റിനെ ബോംബിട്ട് തകർക്കാനുള്ള നിർദ്ദേശം ട്രംപ് ആദ്യമായല്ല മുന്നോട്ടുവയ്ക്കുന്നതത്രേ. 2017ലും ഇതേകാര്യം അദ്ദേഹം പറഞ്ഞെന്നാണ് റിപ്പോർട്ട്.
.