ബിയാറിറ്റ്സ് (ഫ്രാൻസ്): കാശ്‌മീർ പ്രശ്‌നത്തിൽ മധ്യസ്ഥ വേഷത്തിൽ ഇടപെടാനുള്ള അമേരിക്കൻ ശ്രമം പൊളിച്ച് ഇന്ത്യ. ജി 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളത്തിൽ, കാശ്‌മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം തന്നെയെന്ന് പരോക്ഷമായി സമ്മതിച്ച ട്രംപ്, പരസ്പര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാക്കാൻ അവർക്കു കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് നേരത്തേ രണ്ടു തവണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഉഭയകക്ഷി പ്രശ്നത്തിൽ മൂന്നാമന്റെ സഹായം വേണ്ടെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. അതിനു ശേഷം ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് നേരിട്ടു തന്നെ ഇക്കാര്യം ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചുറപ്പിച്ചതിനെ തുടർന്നാണ് മധ്യസ്ഥനീക്കത്തിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം.
കാശ്മീർ വിഷയം രാജ്യാന്തരതലത്തിൽ ചർച്ചയാക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ, പ്രശ്നം ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന് അമേരിക്കയെക്കൊണ്ട് സമ്മതിപ്പിക്കാനായത് ഇന്ത്യയുടെ ശ്രദ്ധേയമായ നയതന്ത്ര വിജയമാണ്. 1947നു മുമ്പ് ഒരുമിച്ചായിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത ഉഭയകക്ഷി പ്രശ്നം പരിഹരിക്കാൻ തങ്ങൾക്കാകുമെന്നും, മറ്റു രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും വാർത്താസമ്മേളനത്തിൽ ട്രംപിന്റെ സാന്നിധ്യത്തിൽത്തന്നെ മോദി പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ മോദിയുമായി കാശ്മീർ വിഷയം ചർച്ച ചെയ്തിരുന്നതായി മാധ്യമപ്രവർത്തകരോട് സമ്മതിച്ച ട്രംപ്, കാശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മോദി അറിയിച്ചതായും പറഞ്ഞു. കാശ്മീരിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഡൊണാൾഡ് ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജി -7 ൽ ഇന്ത്യ അംഗരാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
''പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലെ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല".
- നരേന്ദ്ര മോദി
''പാകിസ്ഥാനുമായി അവർ (ഇന്ത്യ) സംസാരിക്കും. ശുഭകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ."
- ഡൊണാൾഡ് ട്രംപ്
കടുപ്പിക്കുമെന്ന് പാകിസ്ഥാൻ
കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നിർണായകമായ തീരുമാനങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇന്നലെ വൈകിട്ട് പാക് ജനതയെ അഭിസംബോധന ചെയ്തു നടത്തിയ ടെലിവിഷൻ സംപ്രേഷണത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.