ന്യൂഡൽഹി: നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസ്ഥരെ നിർബന്ധിത വിമരമിക്കലിന് വിധേയമാക്കി നരേന്ദ്ര മോദി സർക്കാർ. അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്നാണ് മോദി സർക്കാരിന്റെ നടപടിയെന്നാണ് സൂചന. കഴിഞ്ഞ ജൂൺ മാസത്തിൽ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണിത്.
നികുതി വകുപ്പിൽ വിശ്വസിക്കാൻ കൊള്ളാത്ത ചിലരുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ചതിക്കുന്ന ചിലർ നികുതി വകുപ്പിലുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അധികാര ദുർവിനിയോഗം നടത്തി നികുതിദായകരെ ഇവരിൽ ചിലർ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായും പ്രധാനമന്ത്രി സൂചിപ്പിച്ചു. അവർക്കെതിരെ നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം സ്വഭാവം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞിരുന്നു.
ഡൽഹി, മുംബയ്, കൊൽക്കത്ത, മീററ്റ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു വന്നത്. ഇവർ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയവരാണെന്നാണ് റിപ്പോർട്ട്. 1,224 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിലെത്തിയ വ്യക്തിയിൽ നിന്നും 58 ഗ്രാം സ്വർണം സ്വീകരിച്ച ഉദ്യോഗസ്ഥനും നടപടി നേരിടുന്നവരിലുണ്ട്.