modi-and-trump

പാരിസ്: കാശ്മീർ വിഷയത്തിൽ പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്നത് ഉഭയകക്ഷി പ്രശ്നമാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും മോദി പറഞ്ഞു. ഫ്രാൻസിൽ വച്ച് നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഇന്ത്യയും പാകിസ്ഥാനും പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. 1947ന് മുൻപ് ഇരു രാജ്യങ്ങളും ഒന്നായിരുന്നു എന്നും ഇരുരാജ്യങ്ങൾക്കും അതിനുള്ള സ്വയംപര്യാപ്തത ഉണ്ടെന്നും മോദി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസമില്ലായ്മ, ദാരിദ്ര്യം, രോഗങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീർ വിഷയത്തിൽ ആവശ്യപ്പെട്ടാൽ താൻ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. താനും മോദിയും തമ്മിൽ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കാശ്മീർ വിഷയം 'പൊട്ടിത്തെറി'യുണ്ടാക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കാശ്മീർ വിഷയത്തെക്കുറിച്ചും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചുമാണ് സംസാരമുണ്ടായത്. കാശ്മീർ വിഷയം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അക്കാര്യത്തിൽ അന്യരാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടൽ വേണ്ടെന്നുമുള്ള മോദിയുടെ പ്രസ്താവന അമേരിക്കയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജൂലൈ തൊട്ട് കാശ്മീർ വിഷയത്തിൽ തന്റെ ഇടപെടൽ വേണം എന്ന് ട്രംപ് ആവശ്യപ്പെടുകയാണ്.