kaumudy-news-headlines

1. ജി-7 ഉച്ചക്കോടിക്കിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടി കാഴ്ച നടത്തി. കാശ്മീര്‍ വിഷയം ചര്‍ച്ച ആയെന്ന് യു.എസ് പ്രസിഡന്റ്. പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ട്രംപ്. കാശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയം എന്ന് നരേന്ദ്ര മോദി പറഞ്ഞു. വിഷയത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനം ഇല്ലെന്ന് ട്രംപിന്റെ സാനിധ്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്രമാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വിഷയം എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി.


2. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ സാങ്കേതികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അതേസമയം, പാലാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായില്ല. യു.ഡി.എഫ് യോഗത്തിന് ശേഷം ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനം ആയില്ല. ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കും. പാലായില്‍ തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ യു.ഡി.എഫ് സബ്കമ്മിറ്റി രൂപീകരിച്ചു.
3. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഗൂഢാലോചന എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കോടിയേരി ആത്മ പരിശോധന നടത്തണം. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാം. കേരള കോണ്‍ഗ്രസ് വിഷയം തന്റെ മുന്നില്‍ ഇല്ല എന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ തന്ത്രം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.
4. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി.ജെ. ജോസഫിനെ തള്ളി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്ഥാനാര്‍ത്ഥിയെ ജോസ്.കെ മാണി തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ്.കെ മാണിയെ. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നും റോഷി അഗസ്റ്റിന്‍.
5. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ നിന്ന് എന്‍.സി.പി തന്നെ മത്സരിക്കും എന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍. സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ തീരുമാനിക്കും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിക്ക് മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. എന്‍.സി.പി അല്ലാതെ മറ്റൊരു കക്ഷിയെ മത്സരിപ്പിക്കാന്‍ മുന്നണി ആലോചിക്കില്ല എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
6. മലപ്പുറം കവളപ്പാറയിലെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ ആണ് ഇക്കാര്യം തീരുമാനിച്ചത്.
7. മഴ കെടുതിയില്‍ ഓണ ആഘോഷങ്ങളുടെ നിറം കെടാതിരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഓണ ചന്തകള്‍ വഴി സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്, വി.എഫ്.പി.സി.കെ തുടങ്ങിയവയുടെ ഓണ ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭിക്കും. സെപ്തംബര്‍ ഒന്നു മുതലാണ് മേളകള്‍ തുടങ്ങുന്നത്.
8. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കുന്നു. അതേ സമയം ഇസഡ് പ്ലസ് സുരക്ഷ തുടരും. രഹസ്യ അന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും രഹസ്യ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ ആണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ.്പി.ജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
9. റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ റേഷന്‍ നല്‍കേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായിട്ട് ആണ് നടപടി. അടുത്ത വര്‍ഷം ജൂണ്‍ 30ന് മുന്‍പായി പദ്ധതി നടപ്പാക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിന് മുന്നോടി ആയിട്ടാണ് സെപ്തംബര്‍ 30ന് ശേഷം ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്ന തീരുമാനം സ്വീകരിക്കുന്നത്.
10.അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ കരുണാ നിധിയുടെ പേരിലും ക്ഷേത്രം ഉയരുന്നു. 30 ലക്ഷം രൂപ ചെലവില്‍ നാമക്കല്‍ ജില്ലയിലെ കുച്ചിക്കാട് എന്ന ഗ്രാമിത്തില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. പഗുത്തറിവ് ആലയം എന്ന് പേരിട്ട ക്ഷേത്രത്തിന്റെ നിര്‍മ്മാണം തമിഴ്നാട്ടിലെ അരുന്ധതിയാര്‍ സമൂഹത്തില്‍ പെട്ടവരാണ് വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജയ ലളിതയ്ക്ക് വേണ്ടി എ.ഐ.എ.ഡി.എം.കെ കൗണ്‍സിലറായ എം.സ്വാമിനാഥന്‍ ക്ഷേത്രം പണിതത്.
11. ആമസോണ്‍ കാട്ടിലെ തീ അണയ്ക്കാന്‍ ബ്രസീല്‍ സൈന്യം നടപടി തുടങ്ങി. റോണ്‍ഡോണിയ സംസ്ഥാന ഭാഗങ്ങളിലെ കാടുകളില്‍ ബ്രസീലിയന്‍ യുദ്ധ വിമാനങ്ങള്‍ വെള്ളം ചീറ്റിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നത്. വ്യാപാര ഉപരോധ ഭീഷണി അടക്കം ലോക രാജ്യങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെ ആണ് തീ അണയ്ക്കാന്‍ നടപടി തുടങ്ങിയത്. വിമാനങ്ങളില്‍ വെള്ളം ചീറ്റുന്നതിനു പുറമെ, സൈനികര്‍ നേരിട്ടും തീ അണയ്ക്കാന്‍ ഉള്ള ശ്രമം നടത്തുന്നുണ്ട്.