sreedharan-pillai

കോഴിക്കോട്: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ഡി.എ യോഗത്തിന് ശേഷമായിരിക്കും തീരുമാനം. നിലവിലെ സാഹചര്യത്തിൽ എൻ.ഡി.എയ്ക്ക് വിജയ പ്രതീക്ഷയാണുള്ളത്. ഉചിതമായ സ്ഥാനാർത്ഥി തന്നെ മത്സരിക്കാനെത്തും.

എല്ലാ വഴികളും ആത്മീയതയിലേക്ക് എന്നതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. മറ്റെല്ലാവഴികളും അടഞ്ഞപ്പോഴുള്ള ഗതികേട് കൊണ്ടാണ് വിശ്വാസികൾക്ക് അനുകൂലമായി സി.പി.എം നിലപാട് മാറ്റിയിരിക്കുന്നത്. ആത്മപരിശോധന നടത്താനും സ്വയം വിമർശനം നടത്താനും സി.പി.എം ശ്രമിക്കണം. പ്രധാനമന്ത്രിക്കെതിരെയുള്ള കുപ്രചാരണങ്ങൾ കൊണ്ട് വലിയൊരു ജനസഞ്ചയത്തെ തെറ്റിദ്ധരിപ്പിച്ചവരുടെ നാടാണ് കേരളം. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനോട് വലിയൊരു വിഭാഗം അനുകൂലമായി ചിന്തിക്കുന്നുവെന്നതിന്റെ തെളിവാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ തുറന്ന് പറച്ചിൽ. ശശി തരൂരും ജയറാം രമേശുമെല്ലാം സത്യം മാത്രമാണ് പറഞ്ഞത്. വരാൻ പോവുന്ന വലിയ മാറ്റത്തിന്റെ സൂചകമായിട്ടാണ് ഇത്തരം കാര്യങ്ങളെ ബി.ജെ.പി കാണുന്നത്.