dikapriyo-

ബ്രസീൽ: ആമസോൺ മഴക്കാടുകളെ അഗ്നി വിഴുങ്ങുമ്പോൾ അവയുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായധനം (5 മില്യൺ ഡോളർ) പ്രഖ്യാപിച്ച് ഹോളിവുഡ് താരവും പരിസ്ഥിതി പ്രവർത്തകനുമായ ലിയനാഡോ ഡി കാപ്രിയോയുടെ സാമൂഹ്യ സംഘടന. എർത്ത് അലൈൻസ് എന്ന സംഘടനയാണ് ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡികാപ്രിയോ, സുഹൃത്തുക്കളായ ലോറൻസ് പവൽ ജോബ്‌സ്, ബ്രയാൻ ഷേത്ത് എന്നിവർക്കൊപ്പം ചേർന്നാണ് എർത്ത് അലൈൻസ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ബ്രസീലിൽനിന്ന് കൊളംബിയയിലേക്ക് നീളുന്ന ആമസോൺ മഴക്കാടുകളിൽ ഓരോ മിനിട്ടിലും 200 അടിയോളം വിസ്തൃതിയിൽ മരങ്ങൾ കത്തുന്നതായാണ് കണക്കുകൾ.

ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിൽ വലിയ അളവ് സംഭാവന ചെയ്യുന്ന മഴക്കാടുകൾ ഇല്ലാതാകുന്നത് ലോകത്തിന്റെ തന്നെ ആശങ്കയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ഡി കാപ്രിയോ എത്തിയത്. തീയണയ്ക്കാനും വനത്തെ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന 5 പ്രാദേശിക സംഘടനകൾക്ക് ഈ പണം വീതിച്ചുനൽകും. വനസംരക്ഷണത്തിനും കാട്ടതീയെ തുടർന്ന് ദുരിതത്തിലായ വിഭാഗങ്ങളുടെ പുനരധിവാസത്തിനുമായാണ് തുക ചെലവഴിക്കുക.