chidambaram

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ സി.ബി.ഐ അറസ്‌റ്റ് ചെയ്‌ത മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ വീണ്ടും സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ചിദംബരത്തെ മറ്റുപ്രതികൾക്കൊപ്പം ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഈ മാസം 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ഇതേ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ തള്ളിയിരുന്നു. കേസിൽ അറസ്‌റ്റ് ചെയ്‌തതോടെ മുൻകൂർ ജാമ്യഹർജിക്ക് പ്രസക്‌തിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. എന്നാൽ സി.ബി.ഐ അറസ്‌റ്റിനെതിരെ സമർപ്പിച്ച ഹർജി ചീഫ് ജസ്‌റ്റിസിന്റെ അനുമതിയില്ലാതെ ലിസ്‌റ്റ് ചെയ്യാനാവില്ലെന്ന് ജസ്‌റ്റിസ് ഭാനുമതി വ്യക്തമാക്കി. ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.

ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 'അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാൽ ജാമ്യം റദ്ദാക്കാം'. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്.ഐ.ആറിൽ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബല്‍ വാദിച്ചു. എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കുറിപ്പ് അതേപടി ജഡ്ജി ഹൈക്കോടതിയിൽ വിധിയിൽ എഴുതി വച്ചെന്നും കപിൽസിബൽ കുറ്റപ്പെടുത്തി. എന്നാൽ ഈ കുറിപ്പ് തന്റേതല്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.