ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെയുള്ള കാശ്മീരിന്റെ അവസ്ഥ മനസിലാക്കാൻ ജമ്മുകാശ്മീരിലേക്കു പോയ പ്രതിപക്ഷ നേതാക്കളെ വിമർശിച്ച് ബി.എസ്.പി പ്രസിഡന്റ് മായാവതി. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സംഘത്തിന്റെ സന്ദർശനം ബി.ജെ.പിക്കും ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നൽകുകയാണ് ചെയ്തതെന്ന് മായാവതി കുറ്റപ്പെടുത്തി. കാശ്മീരിൽ സ്ഥിതി ശാന്തമാകുന്നതുവരെ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും കാത്തിരിക്കണമായിരുന്നു. ജമ്മുകാശ്മീരിൽ സ്ഥിതി സാധാരണ നിലയിലാകാൻ സമയമെടുക്കും. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ സന്ദർശനമുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നത് നല്ലതായിരിക്കും- മായാവതി ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറിൽ എത്തിയത്. ശ്രീനഗർ എയർപോർട്ടിൽ ഇവരെ പൊലീസ് തടയുകയും പിന്നീട് തിരിച്ചയയ്ക്കുകയുമായിരുന്നു.