muralee

കോഴിക്കോട്: മോദി സ്തുതിയുടെ പേരിൽ വിവാദത്തിലായ ശശി തരൂർ എം.പിക്കു നേരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എം.പി. നരേന്ദ്രമോദിയെ സ്തുതിക്കേണ്ടവർക്ക് ബി.ജെ.പിയിൽ പോയി സ്തുതിക്കാം. കോൺഗ്രസിന്റെ ചെലവിൽ അതു വേണ്ടെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.

ഇടയ്ക്ക് മോദിയെ സ്തുതിച്ചാൽ മാത്രമേ വിമർശനം ഏൽക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവർ കോൺഗ്രസിൽ നിൽക്കേണ്ട ആവശ്യമില്ല. കോൺഗ്രസ് നേതാക്കൾ മോദി അനുകൂല പ്രസ്താവന നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നി. ഇക്കാര്യത്തിൽ നേതൃത്വത്തിന് പരാതി നൽകും.കേസ് പേടിച്ചാണ് തരൂരിന്റെ മോദി സ്തുതിയെങ്കിൽ,​ അത് കോടതിയിൽ നേരിടണം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ശശിതരൂർ വന്നില്ലെങ്കിലും യു.ഡി.എഫ് വിജയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഈ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തെയും നയങ്ങളെയും അനുസരിക്കാത്തവർക്ക് പുറത്തു പോകാം. താൻ കുറച്ചുകാലം പാർട്ടിക്ക് പുറത്തു പോയിട്ടുണ്ട്. മടുത്തിട്ടാണ് തിരിച്ചു വന്നത്. കക്കൂസ് ഉണ്ടാക്കിയതാണ് വലിയ കാര്യമായി പറയുന്നത്. ഈ കക്കൂസിൽ വെള്ളമില്ലെന്നു പറഞ്ഞയാളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.