1. കാശ്മീര്‍ പ്രശ്നത്തില്‍ നിര്‍ണായക തീരുമാനത്തിലേക്ക് കടക്കുന്നു എന്ന മുന്നറിയിപ്പും ആയി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രത്യേക പദവി നീക്കിയ നിലപാട് ചരിത്രപരമായ മണ്ടത്തരം. കാശ്മീര്‍ വിഷയം യു.എന്‍ പൊതുസഭയില്‍ ഉന്നയിക്കും. ലോക നേതാക്കള്‍ക്ക് മുന്നില്‍ കാശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ വിവരിക്കും. ഓരോ പാകിസ്താനിയും കാശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്നും ഇമ്രാന്‍ ഖാന്‍.
2. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. മറ്റ് പ്രതികളോട് ഒപ്പം ചിദംബരത്തെ ചോദ്യം ചെയ്യണം എന്നുള്ള സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റഡി നീട്ടിയത് ഈ മാസം 30 വരെ. സി.ബി.ഐ പ്രത്യേക കോടതിയുടേത് ആണ് തീരുമാനം. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പി.ചിദംബരത്തെ ഇന്ന് ഡല്‍ഹി സി.ബി.ഐ കോടതിയില്‍ ഹാജരാക്കി ഇരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കണം എന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
3. ഐ.എന്‍.എക്സ് മീഡിയാ മേധാവി ഇന്ദ്രാണി മുഖര്‍ജി, കാര്‍ത്തി ചിദംബരം എന്നിവര്‍ക്ക് ഒപ്പം ചിദംബരത്തെ ചോദ്യം ചെയ്യണം എന്ന് ആയിരുന്നു സി.ബി.ഐയുടെ ആവശ്യം. ചിദംബരം ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുന്നില്ല എന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. കേസില്‍ നിര്‍ണായകമായ ചില ഇമെയില്‍ തെളിവുകള്‍ കൂടി കിട്ടിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ കൂടി പരിശോധിച്ചു ചോദ്യം ചെയ്യണം എന്നും സി.ബി.ഐ വ്യക്തമാക്കി.
4. മുമ്പ് നാല് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ വിടരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കപില്‍ സിബലിന്റെ ആവശ്യം തള്ളിയാണ് കോടതി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടത്. കേസ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കാന്‍ ആണെന്ന് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. കോടതിയിലും നിയമത്തിലും വിശ്വാസമുണ്ട്. ഒരു തെളിവും ഇല്ലാതെ ആണ് സര്‍ക്കാര്‍ നീക്കങ്ങള്‍ എന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. അതേസമയം, ഐ.എന്‍.എക്സ് മീഡിയ കേസില്‍ സുപ്രീംകോടതിയില്‍ നാളെയും വാദം തുടരും. 12 മണി മുതല്‍ എന്‍ഫോഴ്സ്‌മെന്റ് വാദം കോടതി കേള്‍ക്കും.
5. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യം ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും ആവര്‍ത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനം ഇല്ലെന്ന് ട്രംപിന്റെ സാനിധ്യത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ജി 7 ഉച്ച കോടിയില്‍ മോദി ട്രംപ് കൂടിക്കാഴ്ചക്ക് ഇടെയാണ് ഇന്ത്യയുടെ കാലങ്ങള്‍ ആയുള്ള നിലപാട് മോദി ആവര്‍ത്തിച്ചത്.
6. കാശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയം എന്ന് നരേന്ദ്ര മോദി പറഞ്ഞു. ദാരിദ്രമാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വിഷയം. 1947ന് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം ആണെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നും മോദി കൂട്ടിച്ചേര്‍ത്തു.
7. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ സാങ്കേതികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അതേസമയം, പാലാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ധാരണയായില്ല. യു.ഡി.എഫ് യോഗത്തിന് ശേഷം ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനം ആയില്ല. ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കും. പാലായില്‍ തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ യു.ഡി.എഫ് സബ്കമ്മിറ്റി രൂപീകരിച്ചു.
8. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഗൂഢാലോചന എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കോടിയേരി ആത്മ പരിശോധന നടത്തണം. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാം. കേരള കോണ്‍ഗ്രസ് വിഷയം തന്റെ മുന്നില്‍ ഇല്ല എന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ തന്ത്രം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.
9. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി.ജെ. ജോസഫിനെ തള്ളി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്ഥാനാര്‍ത്ഥിയെ ജോസ്.കെ മാണി തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ്.കെ മാണിയെ. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നും റോഷി അഗസ്റ്റിന്‍.
10. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ നിന്ന് എന്‍.സി.പി തന്നെ മത്സരിക്കും എന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍. സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ തീരുമാനിക്കും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിക്ക് മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. എന്‍.സി.പി അല്ലാതെ മറ്റൊരു കക്ഷിയെ മത്സരിപ്പിക്കാന്‍ മുന്നണി ആലോചിക്കില്ല എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു