കൊച്ചി: സാമ്പത്തിക ഞെരുക്കം മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തേജക നടപടികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തിലേക്ക് കുതിച്ചുകയറി. സെൻസെക്‌സ് 793 പോയിന്റ് നേട്ടവുമായി 37,494ലും നിഫ്‌റ്റി 228 പോയിന്റുയർന്ന് 11,057ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ സെൻസെക്‌സും നിഫ്‌റ്റിയും കാഴ്‌ചവച്ച ഏറ്റവും മികച്ച പ്രകടനമാണിത്.

പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാനും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) ഏർപ്പെടുത്തിയ റിച്ച് ടാക്‌സ് ഒഴിവാക്കാനും ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിനു പുറമേ, വ്യാപാരപ്പോര് തണുപ്പിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ സമവായത്തിന് ശ്രമിക്കുന്നതും നിക്ഷേപകർക്ക് ആവേശമായി.

ക്രൂഡോയിൽ വില നേരിയ തോതിൽ കുറഞ്ഞതും ഓഹരികൾക്ക് ഇന്നലെ നേട്ടമായി. ഇന്നലെ ഒരുവേള 1,052 വരെ പോയിന്റ് വരെ കുതിച്ച ശേഷമാണ് സെൻസെക്‌സ് നേട്ടം നിജപ്പെടുത്തിയത്. ബഡ്‌ജറ്റിൽ എഫ്.പി.ഐകൾക്കുമേൽ റിച്ച് ടാക്‌സ് ഏർപ്പെടുത്തിയതിനെ തുടർന്ന് പിന്നീടുള്ള വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപത്തിൽ 24,500 കോടി രൂപയോളം ഇടിഞ്ഞിരുന്നു. ഇതുമൂലം, രൂപയുടെ മൂല്യം ഡോളറിനെതിരെ 72ലേക്ക് തകരുകയും ചെയ്‌തിരുന്നു.

സെൻസെക്‌സിന്റെ ഇന്നലത്തെ കുതിപ്പിന്റെ 61 ശതമാനവും സംഭാവന ചെയ്‌തത് എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ്. മൂവരും കൂടി 478 പോയിന്റ് നേട്ടം സെൻസെക്‌സിന് സമ്മാനിച്ചു. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്.ബി.ഐ, ഡി.എച്ച്.എഫ്.എൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികൾ.

₹2.38 ലക്ഷം കോടി

സെൻസെക്‌സിലെ നിക്ഷേപകർ ഇന്നലെ കൊയ്‌ത നേട്ടം 2.38 ലക്ഷം കോടി രൂപയാണ്. സെൻസെക്‌‌സിന്റെ മൂല്യം 137.92 ലക്ഷം കോടി രൂപയിൽ നിന്ന് 140.30 ലക്ഷം കോടി രൂപയായി ഉയർന്നു.

രൂപയ്ക്ക് തകർച്ച

ഓഹരികൾ കുതിച്ചെങ്കിലും രൂപയ്ക്ക് ഇന്നലെ മോശം ദിവസമായിരുന്നു. 36 പൈസ ഇടിഞ്ഞ് 72.02ലാണ് രൂപയുള്ളത്. ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.

സ്വർണക്കുതിപ്പ്:

പവന് ₹28,640

സ്വർണവില ഇന്നലെയും റെക്കാഡ് തകർത്ത് മുന്നേറി. പവന് 320 രൂപ വർദ്ധിച്ച് വില 28,640 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് വില 3,580 രൂപയിലുമെത്തി.

കേന്ദ്രത്തിന് റിസർവ് ബാങ്ക്

1.76 ലക്ഷം കോടി നൽകും

മുംബയ്: കേന്ദ്രസർക്കാരിന് 2018-19ലെ അധിക ലാഭവിഹിതമായി (സർപ്ളസ്) റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ കൈമാറും. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച നിർദേശം റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് യോഗം ഇന്നലെ അംഗീകരിച്ചു. 1.23 ലക്ഷം കോടി രൂപ സർപ്ളസ് ആയും 52,637 കോടി രൂപ എക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക് (ഇ.സി.എഫ്) പ്രകാരമുള്ള അധിക തുകയായുമാണ് കൈമാറുക.

റിസർവ് ബാങ്കിന്റെ കൈവശമുള്ള അധികപ്പണം കേന്ദ്രസർക്കാരിന് കൈമാറണമെന്ന് അരുൺ ജയ്‌റ്റ്‌ലി ധനമന്ത്രിയായിരിക്കേ ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലെ തർക്കത്തിന് വഴിവച്ചിരുന്നു. തുടർന്ന്, സമവായ നീക്കത്തിന്റെ ഭാഗമായാണ് സാമ്പത്തിക ചട്ടക്കൂട് (എക്കണോമിക് ഫ്രെയിംവർക്ക്) സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാനും സർപ്ളസ് സംബന്ധിച്ച് തീരുമാനിക്കാനും ബിമൽ ജലാൻ അദ്ധ്യക്ഷനായ ആറംഗ പാനലിനെ റിസർവ് ബാങ്ക് നിയമിച്ചത്. ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനും ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കാനും റിസർവ് ബാങ്കിൽ നിന്നുള്ള സർപ്ളസ് കേന്ദ്രത്തിന് സഹായകമാകും.