gulf-

ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സെൽഫി എടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പായൽ ശർമ്മ എന്ന കൊച്ചുമിടുക്കി. തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു നരേന്ദ്രമോദി. ക്ഷേത്രമുഖ്യൻ ജഗദീഷ് ശർമയുടെ ചെറുമകളാണ് പായൽ ശർ‌മ്മ.

ക്ഷേത്ര ഹാളിനു സമീപം ആളുകളെ അഭിസംബോധന ചെയ്ത ശേഷം നടന്നു നീങ്ങിയ മോദിയുടെ സമീപത്തേക്ക് ക്ഷേത്രഭാരവാഹി സുശീലിന്റെ സഹോദരഭാര്യ ലക്ഷ്മി ഓടിയെത്തിയിരുന്നു. മോദിയുടെ ചിത്രങ്ങൾ പ്രിന്റു ചെയ്ത സാരിയുടുത്താണ് ലക്ഷ്മി ചെന്നത്. ഈ സമയം പായലും മോദിയുടെ അടുത്തേക്കു ചെന്ന് സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് മോദി സമ്മതിച്ചതോടെ പായലും ലക്ഷ്മിയും ചേർന്നു അദ്ദേഹവുമായി സെൽഫിയെടുക്കുകയായിരുന്നു.

ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് പായൽ. മോദിയുമൊത്ത് സെൽഫിയെടുത്തതോടെ പായലിനു അഭിനന്ദന പ്രവാഹമായി. ശിശുപാലിന്റെയും മാംഗിദേവിയുടെയും മകളാണ് പായൽ.