കാസർകോട്: മംഗളൂരുവിന് സമീപത്തെ മണ്ണിടിച്ചിലിനെത്തുടർന്ന് കൊങ്കൺ പാതയിൽ ഏർപ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുകയാണ്. അറ്റകുറ്റപ്പണിയും സുരക്ഷാ പരിശോധനകളും നടന്നുവരുന്നു. ഇന്ന് പരിശോധന പൂർത്തിയാക്കി ഗതാഗതം പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. ഇന്നത്തെ തിരുനെൽവേലി - ജാംനഗർ എക്‌സ്‌പ്രസ് റദ്ദാക്കി. കൊച്ചുവേളി - പോർബന്തർ പാസഞ്ചർ സ്‌പെഷ്യൽ, എറണാകുളം - അജ്മീർ പാസഞ്ചർ എന്നിവ കൊങ്കൺ പാത വഴി ഇന്നലെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പാത സജ്ജമാവാത്തതിനാൽ ഈ ട്രെയിനുകൾ ഷൊർണൂർ പോത്തന്നൂർ വഴി തിരിച്ചുവിട്ടു. കൊച്ചുവേളി - ലോകമാന്യതിലക് സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ചണ്ഡിഗഡ് സമ്പർക്കക്രാന്തി, എറണാകുളം - മഡ്‌ഗോൺ സൂപ്പർഫാസ്റ്റ് എന്നിവ ഇന്നലെ റദ്ദാക്കിയിരുന്നു.