വിവാഹത്തിന് ശേഷം അഭിനയം നിറുത്തുമെന്ന് നമിത പ്രമോദിന്റെ അഭിപ്രായത്തോട് വ്യത്യസ്തമായാണ് ചലച്ചിത്രമേഖലയിൽ നിന്നുള്ളവരുടെ പ്രതികരണം. എന്നാൽ തന്റെ തീരുമാനത്തെ മലയാളത്തിലെ നടൻമാർ അടക്കം പ്രശംസിച്ചതായി നമിത പ്രമോദ് വെളിപ്പെടുത്തു. ഒരു സ്വകാര്യ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു നമിത ഇക്കാര്യം പറഞ്ഞത്.
താൻ കുടുംബജീവിതത്തിനു വില കല്പിക്കുന്നയാളാണെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും നമിത പറയുന്നു. മാത്രമല്ല, കുട്ടികളെ നന്നായി നോക്കുന്ന ഒരമ്മയാകാനാണ് തനിക്ക് ഇഷ്ടമെന്നും നമിത പറഞ്ഞു.
'വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോൾഅറുപത് എഴുപതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതുകൊണ്ടായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്.
അതിനാൽ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോൾ നല്ലൊരമ്മയാകണമെന്ന്. . കുറേപേർ എന്റെയടുത്ത് പറഞ്ഞു വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടൻമാർ അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്'- നമിത വ്യക്തമാക്കി.
നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാദ്ധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരാളു വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് താരത്തിന്റെ നിലപാട്.