ഞാൻ
എന്റെ പ്രേമഭാജനത്തിന്റെ
കുടീരത്തിനരികിൽ നിൽക്കുന്നു
എങ്ങും വിജനം
എന്റെ മിഴികൾ നിറഞ്ഞൊഴുകുന്നില്ല.
അവളുടെ അതേ ഗന്ധം
വസ്ത്രമുലയുന്ന മർമ്മരം
ഞാൻ തിരിഞ്ഞു നോക്കുന്നു
അവൾക്ക്
എന്നെ വേർപെടാൻ സാധ്യമല്ല.
അവളിങ്ങനെ ഏറെ നേരം
സ്വയം മറന്ന് ഉറങ്ങില്ല
ഉണർന്നിട്ടുണ്ടാകും
നിശബ്ദതകളെ
മൂളിപ്പാട്ടു കൊണ്ടു നിറയ്ക്കുന്നുണ്ടാകും.
ഒരു നിമിഷം പോലും
എന്നിൽ നിന്നും മാറി നിൽക്കാൻ
കഴിയാത്തവൾ
എന്നിട്ടിപ്പോൾ..
വാക്കുപാലിക്കാത്തവൾ
പ്രണയം പാലിക്കാത്തവൾ
ഞാനവളെ വെറുക്കുന്നു
എന്റെ കണ്ണുകൾ നിറയുന്നില്ല.
എന്റെ ഇഷ്ടദേവത
എന്റെ സ്നേഹത്തിൽ
മരിക്കണമെന്നു പറയുന്നവൾ
എന്റെ പ്രണയത്തിന്റെ പാതി
എന്റെ പക്ഷിക്കുഞ്ഞ്
ഒന്നുറങ്ങണമെന്ന് പറഞ്ഞ്
കൈത്തണ്ടയിലേക്ക്
മുഖം ചേർത്തു.
അതു മാത്രമായിരുന്നു
ആ ക്രൂരമായ നേരം
എന്റെ കൈ പിടിക്കാതെ
എങ്ങും തനിച്ചു പോകാത്തവൾ
ബാക്കി വച്ച
യാത്രകൾ ഓർത്തതേയില്ല
കണ്ണീർ മതിലുകൾ കണ്ടതേയില്ല
ഉറങ്ങുന്നവൾ
എവിടേക്കാണ് പോയത്.
ആരാണവളെ തട്ടിയെടുത്തത്.
അഗാധമായ സ്നേഹത്തിൽ നിന്ന്
അവളെ മാത്രം
കൊണ്ടുപോയിരിക്കുന്നു.
ഹൊ! ഞാനവളെ കഠിനമായി
വെറുക്കുന്നു
എന്റെ കണ്ണുകൾ
നിറഞ്ഞൊഴുകില്ല.
വയ്യ എനിക്ക്
ഈ പൂക്കളർപ്പിക്കുവാൻ
നീ ഉറങ്ങിക്കോളൂ.
എന്റെ കൈത്തണ്ടയിൽ മുഖം
ചേർത്തുകൊള്ളു.
എന്റെ കണ്ണീർമണികളെ
ഉള്ളിൽ തന്നെ
ഞാനടക്കിക്കോളാം.
അതിന്മേൽ പൂക്കളർപ്പിച്ചോളാം.
എന്റെ പ്രേമികേ
ജീവന്റെ ഉൽക്കർഷമേ
അണഞ്ഞുപോയ ആനന്ദമേ
അടക്കാൻ പറ്റാത്ത
എന്റെ നിലവിളികളെ
എന്തു ചെയ്യും