തിരുവനന്തപുരം : പി.വി. സിന്ധു ലോക ചാമ്പ്യനായ ദിവസം തന്നെ തന്റെ മകൾ റിയ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയം നേടിയതിന്റെ ആഹ്ളാദത്തിലാണ് അന്താരാഷ്ട്ര വോളിബാൾ താരവും ആർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്.
കൊച്ചിയിൽ ബി.പി.സി.എൽ ക്ളബ് ടൂർണമെന്റിൽ ഡബിൾസിൽ സ്വർണവും മിക്സഡ് ഡബിൾസിൽ വെള്ളിയുമാണ് തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ളാസുകാരി റിയാ ടോം നേടിയത്. നേരത്തെ എറണാകുളത്തും കോഴിക്കോടും നടന്ന റാങ്കിംഗ് ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു. ആറുമാസം മുമ്പാണ് റിയ ബാഡ്മിന്റൺ പരിശീലനം തുടങ്ങുന്നത്. പിതാവിന്റെ കായിക ഇനമായ വോളിബാളിനേക്കാൾ റിയയ്ക്കിഷ്ടം ബാഡ്മിന്റൺ റാക്കറ്റാണ്. പി.വി. സിന്ധുതന്നെ ഇഷ്ടതാരവും. മുൻ ഇന്ത്യൻ വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ പി.വി. രമണയുടെ മകളാണ് സിന്ധു.