പത്മരാജന്റെ ഏറെ നിരൂപക പ്രശംസനേടിയ ചചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ് ഗന്ധർവ്വനായി എത്തിയ ചിത്രം ഫാന്റസിയും പ്രണയവും ഒത്തുചേർന്ന ക്ലാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള നടി ഷാലിൻ സോയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഞാൻ ഗന്ധർവ്വൻ' ചിത്രീകരിച്ച വീടിന് മുന്നിൽനിന്നുള്ള ഒരു ചിത്രമാണ് ശാലിൻ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോട് ചേർത്ത് ഒരു കുറിപ്പും താരം പങ്കുവച്ചു.
'ഇപ്പോൾ ഷൂട്ടിംഗിനായി പോകുമ്പോൾ മിക്ക ദിവസവും ഞാൻ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. ഈ വീടിനോട് എനിക്ക് വളരെ പരിചയം തോന്നി. സുഹൃത്തുക്കളുടെ ആരുടെയെങ്കിലും വീടാണോ എന്നൊക്കെ ഞാൻ ആലോചിച്ചു. അപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്, ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണെന്ന്. ഓ അപ്പോ അതാണ് കാര്യം! പെട്ടെന്ന് തന്നെ ഞാൻ കാർ നിറുത്തി ചാടിയിറങ്ങി ഗേറ്റ് തുറന്ന് അകത്ത് കയറി. ചിത്രവും പകർത്തി. അപ്പോൾ അവിടെ ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് എനിക്ക് വേണ്ടിയായിരുന്നോ അതോ ഗന്ധർവ്വൻ വേണ്ടിയായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല'', ശാലിൻ കുറിച്ചു.
ഒമർ ലുലു ഒരുക്കുന്ന ധമാക്കയിലാണ‌് ശാലിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പോരാട്ടം, സാധാരണക്കാരൻ, ബദറുൽ മുനീർ ഹസറുൽ ജമാൽ, ദ ഫാന്റം റീഫ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.