തിരുവനന്തപുരം: കർക്കടകത്തിന്റെ ആലസ്യം വിട്ട് ചിങ്ങത്തിന്റെ നവോന്മേഷത്തിലെത്തിയ മലയാളനാട് ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറി വിപണി മുതൽ വാഹന വിപണിവരെ ഉഷാറാകുകയാണ്.
പലവ്യഞ്ജന മാർക്കറ്റുകളിൽ കൂടുതൽ സ്റ്റോക്കുകൾ എത്തിത്തുടങ്ങി. വസ്ത്ര വിപണിയിൽ ഏറ്റവും പുതിയ റെഡിമെയ്ഡ് തുണിത്തരങ്ങളുടെ സ്റ്രോക്കാണ് എത്തിയത്. ഓഫറുകളുടെ പെരുമഴയുമായാണ് ഇലക്ട്രോണിക്സ് വിപണി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഏറ്റവും പുതിയ സിരീസിലുള്ള വാഹനങ്ങൾ പുതിയ ഓഫറുകൾ നൽകിയാണ് ഓണത്തിന് ബിസിനസ് നേടുന്നത്. ജുവലറികളിലും ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ സമ്മാന പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ വിപണി കിടിലം
ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും മൊബൈൽഫോൺ സമ്മാനം നൽകുന്ന കാലമാണിത്. അതിനാൽ മൊബൈലുകൾ വാങ്ങുന്നതിന് ഓഫറുകൾ എപ്പോഴുമുണ്ട്. ഓണക്കാലമായാൽ ആ ഓഫറുകളുടെ പെരുമഴക്കാലമാണ്.
സാംസംഗ്, ഒപ്പോ, വിവോ എന്നീ കമ്പനികളുടെ ഫോണുകൾക്കാണ് വിപണിയിൽ ഏറെ ആവശ്യക്കാരുള്ളത്. ആകെ വിപണിയുടെ 70 ശതമാനവും ഇവർ കൈയാളുന്നുണ്ട്. 10,000 - 20,000 രൂപയ്ക്കിടയിലുള്ള ഫോണുകൾക്കാണ് ഡിമാൻഡ്. ഓണക്കാലത്ത് പ്രമുഖ ഇലക്ട്രോണിക് ഉത്പന്ന നിർമ്മാതാക്കളും വൻ വില്പനയാണ് ലക്ഷ്യമിടുന്നത്.
ഒാഫറുകൾക്ക് വേഗം കൂട്ടി വാഹനവിപണി
ഓണത്തോടനുബന്ധിച്ച് 65,000 രൂപയുടെ ഓഫറുകളുമായാണ് വാഹന വിപണിയിലെ അതികായന്മാരായ മാരുതി എത്തിയിരിക്കുന്നത്. എല്ലാവിഭാഗം കാറുകൾക്കും ബുക്കിംഗ് ഗിഫ്റ്റായി ഉറപ്പായ സമ്മാനം ലഭിക്കും. വാഹനം ഡെലിവർ ചെയ്യുന്ന സമയത്ത് മറ്റൊരു സമ്മാനവും ഉറപ്പാണ്. മാരുതിയുടെ ജനപ്രിയ മോഡലായ ആൾട്ടോയ്ക്ക് 30,000 രൂപയാണ് കൺസ്യൂമർ ഓഫർ, 25,000 രൂപ എക്സ്ചേഞ്ച് ഓഫറുമുണ്ട്. സർക്കാർ ജീവനക്കാർക്ക് 5000 രൂപയുടെ ആനുകൂല്യമുണ്ട്. ബ്രെസ ഡീസലിന് 15,000 രൂപ കൺസ്യൂമർ ഓഫറും എക്സ്ചേഞ്ച് ഓഫർ 25,000 രൂപയുമാണ്. സ്വിഫ്റ്റ് ഡിസൈറിനും സെലേറിയയ്ക്കും 55,000 വരെയാണ് ഓഫർ. ഹ്യുണ്ടായിയുടെ വിവിധ മോഡലുകൾക്ക് 30,000 രൂപ മുതൽ 1.21 ലക്ഷം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാൻഡ് ഐ 10 മോഡലിനാണ് 1.21 ലക്ഷത്തിന്റെ കിഴിവ്. ബുക്കിംഗ് ഗിഫ്റ്റായി ഉറപ്പായ സമ്മാനവും ഡെലിവറിക്ക് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും ലഭിക്കും. മൂന്നുവർഷത്തെ ഫുൾ വാറന്റിയും റോഡ്സൈഡ് അസിസ്റ്റൻസും നൽകുന്ന 'ഫുൾ ചിയർ' ഓഫറാണ് 'ടാറ്റ മോട്ടോഴ്സ്' ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ മൂന്നുവർഷത്തെ വാറന്റി അഞ്ചുവർഷം വരെ നീട്ടാനുമാകും. വിവിധ മോഡലുകൾക്ക് 20,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വിലക്കിഴിവും എക്സ്ചേഞ്ച് ബോണസും കോർപറേറ്റ് ബോണസുമാണ് മഹീന്ദ്രയുടെ ഓഫർ.
തിളക്കം ഒട്ടും കുറയാതെ സ്വർണവിപണി
ഏറ്റവും പുതിയ കണക്കുപ്രകാരം സ്വർണത്തിന് പവന് 28,640 രൂപയാണ് വില, ഗ്രാമിന് 3580. വെറും ഒന്നര മാസം കൊണ്ടുണ്ടായത് 12.40 ശതമാനം വർദ്ധന. ചരിത്രത്തിലാദ്യമായാണ് പവന് 28,000 രൂപ കടക്കുന്നത്.
വരുംദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ദ്ധർ നൽകുന്ന സൂചന. സ്വർണവില ഇനിയും കൂട്ടുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ വില ഉയരത്തിലാണെങ്കിലും സ്വർണം വാങ്ങാൻ പറ്റിയ സമയമാണ് ഈ ഓണക്കാലം.
നിരവധി ഓഫറുകളാണ് ജുവലറികൾ ഒരുക്കിയിരിക്കുന്നത്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വർണത്തിന്റെ 10 ശതമാനം മുൻകൂറായി നൽകി ബുക്ക് ചെയ്യാൻ മിക്ക ജുവലറികളും സൗകര്യമൊരുക്കിയിട്ടുണ്ട്. നഗരത്തിലെ മിക്ക ജുവലറികളിലും അഡ്വാൻസ് ബുക്കിംഗിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
കല്യാൺ ജുവലേഴ്സിൽ മൂന്ന് ശതമാനം മുതൽ പണിക്കൂലിയിൽ ആഭരണങ്ങൾ ലഭിക്കും. കൂടാതെ 1 കോടി രൂപയുടെ സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 22 വരെയായിരിക്കും ഓഫറുകൾ.
പണിക്കൂലിയിൽ 30 ശതമാനം മുതൽ 60 ശതമാനം വരെ ഓഫറാണ് മലബാർ ഗോൾഡ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ ഫാഷനുകളുടെ കളക്ഷനുകളും സിമ്പിൾ ഓർണമെന്റ്സിന്റെ ശേഖരവും ഒരുങ്ങിയിട്ടുണ്ട്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.
ജോസ്കോയിൽ 30,000 രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിക്കുന്നവർക്ക് ഒരു സ്വർണനാണയം സമ്മാനമായി ലഭിക്കും. പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവുണ്ട്. ഓണത്തോടനുബന്ധിച്ച് പുതിയ കളക്ഷനുകളും ഓഫറുകളും ഒരുങ്ങുന്നുണ്ട്. ഒരു പവന് 1000 രൂപയുടെ കിഴിവ് നൽകിയാണ് ഭീമ ജുവലേഴ്സ് ഓണത്തെ വരവേൽക്കാനൊരുങ്ങുന്നത്. വിവാഹ സീസണായതുകൊണ്ട് അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ ആഭരണങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. വിവാഹ പാർട്ടികൾ മാത്രമാണ് കൂടുതലായി എത്തുന്നതെന്നും അസി. ജനറൽ മാനേജർ സജീഷ് .ടി പറഞ്ഞു.
കുതിപ്പ് പ്രതീക്ഷിച്ച് ഗൃഹോപകരണങ്ങൾ
മഴക്കെടുതിയിൽ നഷ്ടങ്ങളുണ്ടായെങ്കിലും ഗൃഹോപകരണ വിപണിയിൽ മുൻകാലങ്ങളെക്കാൾ വില്പനയുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. പ്രമുഖ ഗൃഹോപകരണ വില്പന കമ്പനിയായ സുപ്രിയ 20 മുതൽ 65 ശതമാനം വരെ ഓഫറുകളാണ് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെലിവിഷന് 50 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്. മിക്സി, ചോപ്പർ സെറ്റ്, ഇൻഡക്ഷൻ കുക്കർ അടക്കമുള്ള പത്തോളം ഉപകരണങ്ങളുടെ സെറ്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന വിലയുള്ള ഗൃഹോപകരണങ്ങൾക്ക് 30,000 രൂപയുടെ വരെ ഡിസ്കൗണ്ട് നൽകുന്നുണ്ടെന്ന് സുപ്രിയ സ്ഥാപനങ്ങളുടെ ഉടമ സുരേന്ദ്രൻ പറഞ്ഞു.
ചാല മാർക്കറ്റിൽ ഓണക്കച്ചവടത്തിനായി അരിയുടെയും പലവ്യഞ്ജനത്തിന്റെയും ലോഡുകൾ എത്തിത്തുടങ്ങി. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ലോഡുകൾ എത്തുന്നത്. വിവിധ ജില്ലകളിൽ നിന്നും നാഗർകോവിലിൽ നിന്നുമാണ് വാഴപ്പഴങ്ങൾ എത്തുന്നത്. കഴിഞ്ഞ വർഷം എഴുപതു രൂപ മുതൽ 80 വരെ പോയ ഏത്തൻ വില ഇപ്പോൾ 40 മുതൽ 50 വരെയാണ്.