തിരുവനന്തപുരം : പെറ്റി പിടിക്കാനായി പൊലീസുകാർ ഒളിഞ്ഞും തെളിഞ്ഞും കുറ്റിക്കാട്ടിലൊളിച്ചു നിന്നുമൊക്കെ വാഹന പരിശോധന നടത്തുന്നത് നമ്മളെല്ലാം കണ്ടതാണ്. ഇപ്പോൾ മറ്റൊരു മാർഗവുമായാണ് ഏമാന്മാർ രംഗത്തെത്തിയിരിക്കുന്നത്. പരിശോധനയ്ക്കായി റോഡിന്റെ ഓരങ്ങളിൽ പതുങ്ങി നിൽക്കുന്ന പൊലീസുകാർ വാഹനം അടുത്തെത്തുമ്പോഴേക്കും റോഡിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഒരൊറ്റ ചാട്ടമാണ്.
വരുന്നത് ഇരുചക്രവാഹനക്കാരനാണെങ്കിൽ അയാൾ പേടിച്ച് ഹാൻഡിൽ വെട്ടി റോഡിൽ വീഴും എന്നത് തീർച്ച. ഒറ്റച്ചാട്ടത്തിന് റോഡിന്റെ മദ്ധ്യഭാഗത്ത് വരെ എത്തുന്ന ഏമാന്മാരുണ്ട് ഇക്കൂട്ടത്തിൽ. ഏത് കളരി മുറ കാണിച്ചെങ്കിലും പെറ്റി പിടിച്ചിരിക്കും- അതാണ് ജോലിയോടുള്ള ആത്മാർത്ഥത. ഇരുചക്രവാഹനം വരുമ്പോൾ മാത്രമാണ് ഈ സാഹസിക പ്രകടനം. ആഡംബര കാറുകൾ പോകുമ്പോൾ ഭവ്യതയോടെ മാറി നിൽക്കും! ജനറൽ ആശുപത്രിക്ക് സമീപമാണ് ഇത്തരത്തിൽ പൊലീസിന്റെ അപകടഭീതി നിറയ്ക്കുന്ന വാഹന പരിശോധന. വണ്ടിയെ തടഞ്ഞു നിറുത്തിയാലുടൻ താക്കോൽ ഊരിയെടുക്കലാണ് ആദ്യ കലാപരിപാടി. പിന്നെ, എല്ലാ രേഖകളും കാണിച്ചാലോ അവസാനത്തെ അടവിറക്കും. പൊലൂഷൻ സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെന്നു പറഞ്ഞു തീരുന്നതിനു മുമ്പു തന്നെ പെറ്റി എഴുതി കൈയിൽത്തരും
വേഗത്തിലെത്തുന്നവർ പൊലീസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും വെട്ടിത്തിരിക്കുന്നതും അപകടത്തിന് വഴിയൊരുക്കുകയാണ്. റോഡ് തടഞ്ഞ് വാഹനപരിശോധന പതിവായതോടെ അപകടങ്ങളും വർദ്ധിച്ചു. ഇതോടെ വാഹനങ്ങളെ കൈകാണിച്ച് റോഡ് അരികിൽ ഒതുക്കി നിറുത്തിയ ശേഷം രേഖകൾ പരിശോധിക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശമുണ്ടെങ്കിലും പൊലീസ് വീണ്ടും പഴയപടി തന്നെ. ജനറൽ ആശുപത്രിക്ക് സമീപം, ബേക്കറി ജംഗ്ഷൻ, മരുതംകുഴി, വെള്ളയമ്പലം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസ് സമാനമായ രീതിയിൽ മാർഗതടസം സൃഷ്ടിച്ചാണ് വാഹനപരിശോധന നടത്തുന്നത്. വഴിതടഞ്ഞില്ലെങ്കിൽ വാഹനങ്ങൾ നിറുത്താതെ പോകുമെന്നാണ് പൊലീസിന്റെ വാദം. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴചുമത്താൻ നഗരത്തിൽ ലക്ഷങ്ങൾ മുടക്കി സി.സി ടിവി സ്ഥാപിച്ചിട്ടുണ്ട്. കാമറ പരിശോധിച്ചുള്ള പിഴ ഈടാക്കൽ കർശനമാക്കാതെയാണ് റോഡിൽ അപകടകരമായ രീതിയിൽ വാഹന പരിശോധന നടത്തുന്നത്.