വിഴിഞ്ഞം: ഭൂതകാലത്ത് മനുഷ്യൻ സഞ്ചരിച്ച വഴികളെക്കുറിച്ചുള്ള തെളിവുകൾ പിന്നെയും കാലങ്ങൾക്കുശേഷമായിരിക്കും കണ്ടെത്തുക. ഏറ്റവുമൊടുവിൽ ചെമ്പഴന്തിയിൽനിന്ന് കണ്ടെത്തിയത് ശിലാലിഖിതത്തോടുകൂടിയ ഒരു ചുമടുതാങ്ങിയാണ്.
ചെമ്പഴന്തി ആനന്ദേശ്വരം കവലയിൽ ചെമ്പഴന്തി എസ്.എൻ കോളേജിലെ ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. എ.എസ്. വൈശാഖാണ് ഇത് കണ്ടെത്തിയത്. ചെമ്പഴന്തി അണിയൂർ ക്ഷേത്രത്തിന്റെ പിറകിൽ സ്ഥിതിചെയ്യുന്ന കൈതറ തറവാട്ടുകാരുടെ നാമധേയത്തിലാണ് ഈ ചുമടുതാങ്ങിയുള്ളത്. കൈതറവീട്ടിൽ നാരായണൻ കൃഷ്ണൻ -ധനു എന്ന് രേഖപ്പെടുത്തിയ ചുമടുതാങ്ങി നാട്ടുപ്രമാണിമാർ സ്ഥാപിച്ചതിൽ അപൂർവമെന്നാണ് വൈശാഖ് പറയുന്നത്. കൈതറ തറവാട്ടുകാർ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട്.
രാജഭരണകാലത്തു രാജാക്കൻമാർ വിവിധഭാഗങ്ങളിൽ ചുമട് താങ്ങികൾ സ്ഥാപിച്ചിരുന്നു. എന്നാൽ നാട്ടുപ്രമാണിമാർ ഇവ സ്ഥാപിക്കുന്നത് അപൂർവമാണ്. അത്തരത്തിലൊന്നാണ് ചെമ്പഴന്തിയിൽ കണ്ടെത്തിയത്. കാലങ്ങൾക്കുമുൻപ് നെടുമങ്ങാട്, പോത്തൻകോട്, ചേങ്കോട്ടുകോണം, ചെമ്പഴന്തി, ശ്രീകാര്യം എന്നിവിടങ്ങളിൽ ചന്തകൾ സജീവമായിരുന്നു. ഇവിടെ കച്ചവട ആവശ്യങ്ങൾക്കായി എത്തിയിരുന്നവർക്കും വഴിയാത്രക്കാർക്കുമായാണ് കൈതറ തറവാട്ടുകാർ ഇവ സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെമ്പഴന്തിയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ ഗവേഷണത്തിനിടെയാണ് ചുമടുതാങ്ങി കണ്ടെത്തിയതെന്ന് ഡോ. വൈശാഖ് പറയുന്നു. ഈ ചുമടുതാങ്ങിയെ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ കൊണ്ടുവരണമെന്നാണ് വൈശാഖിന്റെ ആവശ്യം.