കഴക്കൂട്ടം: ക്രിക്കറ്റിന്റെ ലോകത്തേക്ക് പിച്ച വച്ചു കടന്ന ഷോൺ റോജർ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാകുന്നു. തിരുവനന്തപുരം ചാക്ക ഐ.ടി.ഐ സ്വദേശികളായ റോജറിന്റെയും പെട്രിഷ്യയുടെയും മകനായ പത്തൊൻപതുകാരനാണ് ഈ കൊച്ചു മിടുക്കൻ.ഷോൺ റോജർ ക്രിക്കറ്റ് ലോകത്തിന് ഭാവി വാഗ്ദാനമാണെന്നാണ് ഷോണിന്റെ പ്രകടനം കണ്ടവരെല്ലാം പറയുന്നത്. ചെറു പ്രായത്തിൽ തന്നെ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു. മാത്രമല്ല അവിടെ നിന്നെല്ലാം മികച്ച കളിക്കാരനുള്ള അവാർഡും വാങ്ങിയാണ് മടങ്ങിയത്.
എട്ടാം ക്ലാസ് വരെ പഠനം യു.എ.ഇയിൽ ആയിരുന്ന ഷോൺ കഴിഞ്ഞ മൂന്ന് വർഷമായി നാട്ടിൽ ക്രിക്കറ്റ് പരിശീലനവും മത്സരങ്ങളിൽ പങ്കെടുക്കലുമായി മുന്നോട്ടു പോകുകയാണ്. ഇംഗ്ലണ്ടിലെ വെല്ലിംഗ്ടൺ സ്കൂളിൽ പഠിക്കാനും കളിക്കാനും ഷോണിന് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. സച്ചിൻ ടെൻഡുൽക്കറെയും വിരാട് കൊഹ്ലിയെയും മനസിൽ ആരാധിക്കുന്ന ഷോൺ ഈ സ്കോളർഷിപ്പ് നിരസിച്ചു. ഇന്ത്യയിൽ തന്നെ തന്റെ ക്രിക്കറ്റ് ജീവിതം തുടരണമെന്ന മോഹത്തിൽ ഉറച്ചു നിന്നതായിരുന്നു ആരും കൊതിക്കുന്ന ഈ സ്കോളർഷിപ്പ് നിരസിക്കാൻ ഷോണിനെ പ്രേരിപ്പിച്ച ഘടകം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെയും റോബിൻ സിംഗും യു.എ.ഇയിൽ നടത്തിയ ടാലന്റ് ഹണ്ടിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും ഷോണിനെയായിരുന്നു. മികച്ച വലംകൈയൻ ബാറ്റ്സ്മാനായ ഷോൺ തിരുവനന്തപുരം സായി സ്പോർട്സ് സെന്ററിൽ കോച്ച് ബിജു ജോർജ് എന്ന ഇന്ത്യൻ വിമെൻസ് ടീം ഫീൽഡിംഗ് കോച്ചിന്റെ കീഴിലാണ് പരിശീലിക്കുന്നത്. മനസിൽ നിറയുന്നത് ക്രിക്കറ്റ് ഗാലറികളിലെ ആരവം മാത്രമാണെന്നാണ് ഷോൺ പറയുന്നത്.