തിരുവനന്തപുരം: ഓണക്കോടിയില്ലാതെ എന്തോണം? തിരുവോണനാളിൽ രാവിലെ കുളിച്ചൊരുങ്ങി ഓണക്കോടി ധരിച്ചു നിൽക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അത് വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്നതാണ്. എണ്ണിയാലൊടുങ്ങാത്ത തുണിക്കടകൾക്ക് പുറമേ വീണ്ടും പുതിയ പുതിയ കടകൾ ഉദയം ചെയ്യുന്നതും മലയാളിയുടെ ഈ വസ്ത്രഭ്രമം അടിസ്ഥാനപ്പെടുത്തിയാണ്. പുതിയ മോഡൽ വസ്ത്രങ്ങൾക്കൊപ്പം പാരമ്പര്യ വസ്ത്രങ്ങളും ഏറ്റവും കൂടുതൽ വിറ്റു പോകുന്നതും ചിങ്ങമാസത്തിലാണ്.
വസ്ത്രവിപണിയിൽ 50 ശതമാനത്തോളം വില്പനയാണ് ഈകാലയളവിൽ നടക്കുന്നത്. വിവാഹസീസൺ ആരംഭിച്ചതും ദീപാവലി, പൊങ്കൽ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ പിന്നാലെ വരുന്നതുമാണ് വിപണിയിലെ ഉണർവിന് കാരണം. ഇത് മുന്നിൽ കണ്ട് വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് വ്യാപാരികൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കുമായി ആയിരത്തിലധികം പാറ്റേണുകളിലെ വസ്ത്രങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. ആകർഷകമായ ഓഫറുകളും വിലക്കുറവും കൂടെയുണ്ട്.
നഗരത്തിലെ പ്രമുഖ വസ്ത്രശാലകളായ കല്യാൺ, രാമചന്ദ്ര, ജയലക്ഷ്മി, പാർത്ഥാസ്, പോത്തീസ്, കസവുമാളിക, ഹാൻടെക്സ് തുടങ്ങി എല്ലാ കടകളിലും വലിയ വസ്ത്രശേഖരം ഒരുങ്ങിക്കഴിഞ്ഞു. ഹാൻടെക്സിൽ 20 ശതമാനം വിലക്കിഴിവാണുള്ളത്. കടകൾ നൽകുന്ന വിലക്കിഴിവിനു പുറമേ ഓരോ ബ്രാൻഡുകളും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് കേരള സാരികളുടെ വിവിധ മോഡലുകൾ കടകളിലെത്തി. ഗോൾഡൻ ബോർഡറുകൾക്ക് പുറമേ സിൽവർ ബോർഡറുകൾ, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, മിറർ വർക്ക് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. 400 രൂപ മുതൽ 30,000 രൂപ വരെയുള്ള വിലയിൽ ഇവ ലഭ്യമാകും. ഇതിൽ സിൽവർ ബോർഡറുകളുള്ളവയ്ക്കാണ് കൂടുതൽ ഡിമാൻഡെന്ന് പറയുന്നു കല്യാൺസിൽക്സിലെ സാരി സെക്ഷൻ ഹെഡ് ചാൾസ്.
ആണുങ്ങൾക്കുള്ള മുണ്ട്, കുർത്ത, ഷർട്ട് എന്നിവയ്ക്കും ആവശ്യക്കാരേറുന്നു. വിവാഹവസ്ത്രങ്ങളിൽ സിൽക്ക് മെറ്റീരിയൽ കുർത്തയ്ക്കാണ് പ്രിയം. പെൺകുട്ടികൾക്കായി തയ്യാറാക്കിയ കേരള സാരി മോഡൽ ദാവണികൾക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 1000 രൂപ മുതലാണ് വില. അച്ഛനും അമ്മയ്ക്കും മക്കൾക്കും മാച്ചാകുന്ന ഡ്രസുകൾക്കും ആവശ്യക്കാരുണ്ട്. കാലമേറെ കഴിഞ്ഞിട്ടും സാരികളോടുള്ള പ്രേമം സ്ത്രീകൾക്ക് കുറഞ്ഞിട്ടില്ല. സിൽക്ക്, കോട്ടൺ, ഫാൻസി സാരികൾ, പ്രിന്റഡ് സാരികൾ തുടങ്ങിയവയെല്ലം വിപണിയിലെത്തിയിട്ടുണ്ട്. കൈത്തറി വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തെ ഫാഷനുകളെല്ലാം തലസ്ഥാനത്തെ കടകൾ കയറിയാൽ ലഭിക്കുമെന്ന് ചുരുക്കം.